തന്റെ വിവാഹത്തെ വലിയ വിവാദമാക്കിയ ഫേസ്‌ബുക്കിലെ മലയാളി ഉപയോക്‌താക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി അനന്യ രംഗത്തെത്തി. മലയാളികള്‍ക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കാനറിയില്ലെന്നും കുപ്രചാരണം നടത്താന്‍വേണ്ടി മാത്രമാണ് മലയാളികള്‍ ഫേസ്‌ബുക്ക് അക്കൗണ്ട് തുറക്കുന്നതെന്നുമാണ് അനന്യയുടെ വാദം. ക്‌ളബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അനന്യ നിലപാട് വ്യക്‌തമാക്കുന്നത്.
അനന്യയുടെ വിവാഹനിശ്‌ചയ ഫോട്ടോകളെ അടിസ്ഥാനമാക്കി പ്രതിശ്രുതവരനെതിരെ ഫേസ്‌ബുക്കില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളെക്കുറിച്ചാണ് അനന്യ പ്രതികരിച്ചത്. തനിക്കും ആഞ്‌ജനേയനുമെതിരെ ഫേസ്‌ബുക്കിലും ഇന്റര്‍നെറ്റിലും വന്ന റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. അതിനെതിരെ പ്രതികരിച്ച് സമയം കളയാനില്ലാത്തതുകൊണ്ടാണ് മിണ്ടാതിരുന്നതെന്നും അനന്യ പറഞ്ഞു.
ജീവിതത്തെ ഗൗരവമായി സമീപിക്കുന്ന ഒരാള്‍ക്ക് തനിക്കെതിരെയെന്നല്ല, ആര്‍ക്കുമെതിരെ ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍ നടത്താന്‍ സാധിക്കില്ല. ഫേസ്‌ബുക്ക് ഉപയോഗിക്കുന്ന മലയാളികള്‍ക്ക് അമ്മയും പെങ്ങന്‍മാരുമില്ലേ? – അനന്യ ചോദിക്കുന്നു. തന്റെ പ്രതിശ്രുതവരനെക്കുറിച്ച് കുപ്രചാരണങ്ങള്‍ ഉണ്ടാക്കിയതും പടച്ചുവട്ടതും സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളാണ്. ഇതിനിടയില്‍ താന്‍ പറഞ്ഞു എന്ന മട്ടിലും ചില വാര്‍ത്തകള്‍ പ്രചരിച്ചു. ഇതും കള്ളമായിരുന്നു. സ്വന്തം പോസ്‌റ്റിന് കൂടുതല്‍ കമന്റും ലൈക്കും ലഭിക്കാന്‍വേണ്ടി മാത്രമാണ് ഇത്തരം കുപ്രചാരണങ്ങള്‍ ഉണ്ടാക്കുന്നതെന്നും അനന്യ പറഞ്ഞു.
കുറച്ചുനാള്‍ മുമ്പുവരെ പൃഥ്വിരാജായിരുന്നു ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയനായതെന്ന് അനന്യ പറഞ്ഞു. ഒരു സിനിമാതാരം ആരെ കല്യാണം കഴിക്കണം എങ്ങനെ കല്യാണം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരും അവരുടെ കുടുംബാംഗങ്ങളുമാണ്. അതില്‍ പുറമെ നിന്നുള്ളവര്‍ ഇടപെടുന്നത് നല്ലതല്ല. സിനിമാതാരമാണെന്ന് കരുതി തങ്ങളുടെയൊക്കെ ജീവിതത്തില്‍ എല്ലാവര്‍ക്കും ഇടപെടാം എന്ന ധാരണ വേണ്ടെന്നും അനന്യ പറഞ്ഞു. തനിക്ക് ജനങ്ങളോട് കമ്മിറ്റ്‌മെന്റുണ്ട്. തിരിച്ചും അതുപോലെ വേണം. എന്തിനാണ് അവര്‍ തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് അറിയില്ലെന്നും അനന്യ പറഞ്ഞു.
അനന്യയുടെ വിവാഹനിശ്‌ചയം കഴിഞ്ഞപ്പോള്‍, പ്രതിശ്രുതവരന്‍ ആഞ്‌ജനേയനെ ആനയോട് ഉപമിച്ചും രണ്ടാം വിവാഹമാണെന്നും കാട്ടിയാണ് ചിലര്‍ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്. ഇത് ഏല്‍ക്കാതെ വന്നതോടെ അനന്യയെ അച്‌ഛന്‍ തടങ്കലിലാക്കിയെന്നും ആഞ്‌ജനേയനെതിരെ അനന്യയുടെ കുടുംബം പരാതി നല്‍കിയെന്നുമൊക്കെയാണ് ഫേസ്‌ബുക്കില്‍ പ്രചരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല