സ്വന്തം ലേഖകന്‍: വാര്‍ത്താ അവതരണത്തിനിടെ ബ്രേക്കിംഗ് ന്യൂസായി എത്തിയത് ഭര്‍ത്താവിന്റെ മരണ വാര്‍ത്ത, പതറാതെ വാര്‍ത്ത വായിച്ചു തീര്‍ത്ത് അവതാരക. ഛത്തീസ്ഗഡിലെ സ്വകാര്യ ചാനലായ ഐബിസി 24 ന്റെ അവതാരക സുപ്രീത് കൗറിനാണ് വാര്‍ത്താ അവതരണത്തിനിടെ സ്വന്തം ഭര്‍ത്താവിന്റെ അപകട മരണം ബ്രേക്കിംഗ് ന്യൂസായി വായിക്കേണ്ടി വന്നത്. മരിച്ചത് തന്റെ ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞ സുപ്രീത് മനസ്സാന്നിധ്യവും ധൈര്യവും കൈവിടാതെ വാര്‍ത്തകള്‍ മുഴുവന്‍ വായിച്ചു.
ശനിയാഴ്ച്ച രാവിലയുള്ള വാര്‍ത്താ ബുള്ളറ്റിനിലാണ് ബ്രേക്കിംഗ് ന്യൂസ് ആയി അപകട വാര്‍ത്ത വന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി റിപ്പോര്‍ട്ടറുമായി ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് തന്റെ ഭര്‍ത്താവാണെന്ന് അവതാരക തിരിച്ചറിയുന്നത്. തത്സമയ സംപ്രേഷണം ആയതിനാല്‍ അവര്‍ വാര്‍ത്താവായനക്കിടയില്‍ വികാരാധീനയാവാതെ വാര്‍ത്ത വായിച്ചു തീര്‍ക്കുകയായിരുന്നു. ന്യൂസ് റൂമിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്ക് ഇത് അറിയാമായിരുന്നെങ്കിലും മരിച്ചത് ഭര്‍ത്താവാണെന്ന് സുപ്രീതിനെ അറിയിച്ചിരുന്നില്ല.
മഹസമുണ്ട് ജില്ലയിലെ പിത്താറയില്‍ ഡസ്റ്റര്‍ വാഹനം അപകടത്തില്‍പ്പെട്ടെന്നും വാഹനത്തിലുള്ളത് അഞ്ചുപേരില്‍ മൂന്ന് പേര് മരണപ്പെട്ടു എന്ന വിവരമാണ് റിപ്പോര്‍ട്ടര്‍ ലൈവില്‍ വിവരിച്ചത്. അതേ റൂട്ടില്‍ അതേ വാഹനത്തില്‍ ഭര്‍ത്താവും നാല് പേരും യാത്രചെയ്യുന്നുണ്ടെന്ന് സുപ്രീതിന് നേരത്തെ അറിയാമായിരുന്നു. വാര്‍ത്ത പൂര്‍ത്തീകരിച്ച ശേഷം സ്റ്റുഡിയോയില്‍ നിന്നിറങ്ങിയ അവതാരക പൊട്ടിക്കരഞ്ഞു. വീട്ടുകാരെ ഉടന്‍ ഫോണ്‍ വിളിച്ച അന്വേഷിച്ചപ്പോഴാണ് താന്‍ ഭയപ്പെട്ടത് തന്നെ സംഭവിച്ചുവെന്ന് സുപ്രീത് തിരിച്ചറിയുന്നത്.
ഐബിസി 24 ചാനലിലാണ് സുപ്രീത് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ജോലി ചെയ്യുന്നത്. ഒരു വര്‍ഷം ഇവര്‍ മുമ്പാണ് വിവാഹിതരായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല