സ്വന്തം ലേഖകന്‍: ഇറ്റലിയിലുണ്ടായത് അതിശക്തമായ ഭീചലനം, പതിനാലാം നൂറ്റാണ്ടിലെ പള്ളി തകര്‍ന്നു, ഒപ്പം കനത്ത നാശനഷ്ടങ്ങള്‍. പ്രാദേശിക സമയം രാത്രി 7 മണിയോടെ ഭൂകമ്പമാപിനിയില്‍ 5.4, 6.1 എന്നിങ്ങനെ രേഖപ്പെടുത്തിയ രണ്ടു ചലനങ്ങളായിരുന്നു രണ്ടു മണിക്കൂറിനിടയില്‍ സംഭവിച്ചത്. കനത്ത ഭൂചലനത്തില്‍ എ കാമ്പി ഡി നോഴ്‌സിയിലെ 14 ആം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയായ സാന്‍ സാല്‍വത്തോര്‍ ആണ് തകര്‍ന്നുവീണത്.
ഏകദേശം 300 പേര്‍ മരണമടഞ്ഞ ഭൂകമ്പം നടന്നതിന് രണ്ടു മാസം തികയുന്നതിന് മുമ്പായി ഉണ്ടായ രണ്ടാമത്തെ സംഭവത്തില്‍ അനേകം ചരിത്രസ്മാരകങ്ങളും നാമാവശേഷമായി. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
മകെറാത്ത പ്രവിശ്യയില്‍ വിസോയ്ക്ക് സമീപമായിരുന്നു 5.4 രേഖപ്പെടുത്തിയ ആദ്യ ചലനമുണ്ടായത്. തൊട്ടു പിന്നാലെ 6.2 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനവും ഉണ്ടായി. രണ്ടാമത്തേത് ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ ശക്തമായതാണെന്നായിരുന്നു അനുഭവസ്ഥര്‍ പറഞ്ഞത്. കാലിനടിയില്‍ എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലായില്ലെന്നും കാര്‍ തെന്നിത്തെന്നി പോയെന്നും ഒരാള്‍ പറഞ്ഞു.
നിരവധി പേര്‍ക്ക് പരുക്കേറ്റെങ്കിലും ആര്‍ക്കും ജീവാപായമില്ല. അത്ഭുതം എന്നായിരുന്നു ഇറ്റാലിയന്‍ ആഭ്യന്തരമന്ത്രി ആഞ്ജലിനോ അല്‍ഫാനോയുടെ പ്രതികരണം. ആയിരങ്ങളാണ് ആദ്യ ചലനം ഉണ്ടായപ്പോള്‍ തന്നെ വീടുകളില്‍ നിന്നും ഇറങ്ങിയോടിയത്. ഏകദേശം 200 പേര്‍ മാത്രം വരുന്ന കാമ്പിയില്‍ പലരും വീട് ഉപേക്ഷിച്ച് കാറുകളിലാണ് കിടന്നുറങ്ങിയത്.
ഭൂകമ്പ പ്രതിരോധ കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ 50 പേരെ പാര്‍പ്പിച്ചെങ്കിലും ആര്‍ക്കും കിടന്നുറങ്ങാനായില്ല. രണ്ടു ചലനങ്ങളുടെയും പ്രഭവകേന്ദ്രം ഉംബ്രയ മേഖലയുടെ തലസ്ഥാനമായ പെറുജിയയ്ക്കും മാകെറാറ്റയ്ക്കും ഇടയില്‍െ ഗിരിശൃംഖങ്ങള്‍ നിറഞ്ഞ വല്‍നേറിനാ വാലിയാണെന്ന് വ്യക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല