സ്വന്തം ലേഖകൻ: ചൈന, മെക്‌സിക്കോ, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പുതിയ ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി പുതിയ താരിഫ് പദ്ധതി ട്രംപ് പ്രഖ്യാപിച്ചു. നിര്‍മാണ ജോലികള്‍ യുഎസിലേക്ക് തിരികെ കൊണ്ടുവരിക, യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്ത് , നിയമവിരുദ്ധ കുടിയേറ്റം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രഖ്യാപനം. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകള്‍ക്കും 25 ശതമാനം തീരുവ ഈടാക്കും. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം അധിക നികുതിയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധിത മയക്കുമരുന്നായ ഫെന്റാനിലിന്റെ കള്ളക്കടത്ത് ചൈന തടയിടുന്നത് വരെ ഈ അധിക തുക ഈടാക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
എക്കോണമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) ന്റെ യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര സന്തുലന പട്ടിക അനുസരിച്ച് മെക്‌സിക്കോ, ചൈന, കാനഡ എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തില്‍ രണ്ടാം ട്രംപ് ഭരണകൂടത്തിന്‍ കീഴില്‍ നയമാറ്റങ്ങളുണ്ടാവുമെന്നാണ് കരുതുന്നത്. ഇതിലെ ആദ്യ പത്ത് രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. നിലവില്‍ ഇന്ത്യക്കുമേലുള്ള ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്കും കൂടുതല്‍ തീരുവ പ്രഖ്യാപിക്കുമെന്ന സൂചന നേരത്തെ ട്രംപ് നല്‍കിയിട്ടുണ്ട്. ഇന്ത്യ വലിയ വ്യാപാര ചൂഷകരാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. തന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്തെ നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാവും ട്രംപിന്റെ ശ്രമം. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ് (ജിഎസ്പി) പ്രോഗ്രാമിന് കീഴില്‍ ഇന്ത്യക്ക് ലഭിച്ചിരുന്ന നികുതി രഹിത പരിഗണന 2019 ലാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജിഎസ്പിയ്ക്ക് കീഴില്‍ 570 കോടി രൂപയോളം മൂല്യമുള്ള കയറ്റുമതിക്ക് ഇന്ത്യയ്ക്ക് നികുതി നല്‍കേണ്ടി വന്നിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല