ഓസ്‌ലോയ്ക്ക് സമീപം ലേബര്‍ പാര്‍ട്ടിയുടെ യൂത്ത് കാമ്പിനു നേരെ ആക്രമണം നടത്തിയ യാഥാസ്ഥിതിക ക്രൈസ്തവ തീവ്രവാദി ആന്‍ഡേഴ്സ് ബെഹറിംഗ് സംഭവം നടക്കുന്നതിനു ആറ് മണിക്കൂര്‍ മുന്‍പ് 7000 ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് സെന്റ് ചെയ്ത 12 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ പറ്റി വ്യക്തമായ് പറഞ്ഞിരുന്നതായ് കണ്ടെത്തി. അതേസമയം കൂട്ടക്കൊലയില്‍ മരണമടഞ്ഞവരുടെ എണ്ണം 93 ആയി.നാലോ അഞ്ചോ പേരെ കാണാനില്ലെന്നും പോലീസ് പറഞ്ഞു, കൂടുതല്‍ ആളുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
യൂടൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇസ്ലാമിനെതിരെ യുദ്ധം ചെയ്യാന്‍ പ്രോത്സാഹനം നല്‍കുന്നതായിരുന്നു. കൂട്ടത്തില്‍ ആയുധമേന്തി നില്‍ക്കുന്ന ആന്‍ഡേഴ്സ് ബെഹറിംഗന്റെ ഫോട്ടോയും ഉണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച എടുത്ത വീഡിയോ ആണിതെന്നാണ് കരുതുന്നത്. ഇതോടൊപ്പം തന്നെ വീഡിയോയില്‍ താന്‍ ചെയ്യാന്‍ പോകുന്ന കൃത്യത്തെ പറ്റി വ്യക്തമായ് രേഖപ്പെടുത്തിയിട്ടുമുണ്ട്, പോലീസ് വേഷത്തിലാണ് കൃത്യനിര്‍വഹണതിനായ് പോകുക എന്നത് വരെ!
അതേസമയം ഒരു നോര്‍വേ വെബ്സൈറ്റില്‍ നിന്നും 1500 പേജുകളുള്ള ആന്‍ഡേഴ്സ് ബെഹറിംഗ് എഴുതിയ മാനിഫെസ്റ്റൊയും കണ്ടെത്തി, ഇതില്‍ നിന്നും 2009 മുതല്‍ ഇയാള്‍ ഇത്തരം ഒരു ആക്രമണം പ്ലാന്‍ ചെയ്തു വരികയായിരുന്നു എന്ന് വ്യക്തമായിരിക്കുകയാണ്. 700 ല അധികം ആളുകള്‍ പങ്കെടുത്ത കാമ്പിനു നേരെയാണ് 32 കാരനായ ആന്‍ഡേഴ്സ് ബെഹറിംഗ് ആക്രമണം നടത്തിയത്.
ഇയാള്‍ ഒറ്റയ്ക്കാണോ ഇത്രയും വലിയ നരഹത്യ നടത്തിയതെന്ന് പോലീസിനു സംശയമുണ്ട്, കൂട്ടത്തില്‍ ആരെങ്കിലും ഉണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ഇതിനു സമാനമായ സംഭവം 1995 ല്‍ യുഎസിലെ ഒക്ലഹാമയില്‍ നടന്നിട്ടുണ്ടായിരുന്നു, അന്ന് തിമോത്തി മാക് വെ എന്ന വലതുപക്ഷ തീവ്രവാദി ട്രക്കില്‍ ബോംബ് വെച്ച് 168 പേരെയാണ് കൊലപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല