സ്വന്തം ലേഖകൻ: ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി തെലുഗുദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഗന്നാവരത്തിലെ വിജയവാഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്ക്കിന് സമീപമുള്ള മൈതാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷികളായി. ജനസേനാ നേതാവും നടനുമായ കെ. പവന് കല്യാണും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ മൂന്നാമനായി ചന്ദ്രബാബു നായിഡുവിന്റെ മകന് നാരാ ലോകേഷും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ നരേന്ദ്ര മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ എന്നിവരുമെത്തി. സിനിമാതാരങ്ങളായ ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞ ചെയ്തശേഷം നായിഡു മോദിയെ ആലിംഗനം ചെയ്തു.
കഴിഞ്ഞദിവസം നടന്ന വിജയവാഡയില്‍ നടന്ന ടിഡിപി, ജനസേന പാര്‍ട്ടി, ഭാരതീയ ജനതാ പാര്‍ട്ടി എന്നീ ത്രികക്ഷി സഖ്യത്തിന്റെ യോഗം ചന്ദ്രബാബു നായിഡുവിനെ നേതാവായി ഐകകണ്ഠേന തെരഞ്ഞെടുത്തിരുന്നു. പിന്നീട് എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീറിനെ കാണുകയും നായിഡുവിന് പിന്തുണ വ്യക്തമാക്കുന്ന കത്ത് കൈമാറുകയുമുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരേ വന്‍ വിജയമാണ് നേടയത്. 175-ല്‍ 164 സീറ്റുകളും ടിഡിപി, ജനസേന, ബിജെപി സഖ്യം നേടിയിരുന്നു. ജനസേനാ പാര്‍ട്ടി നേതാവും പിതപുരം എംഎല്‍എയുമായ കെ. പവന് കല്യാണ്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല