സ്വന്തം ലേഖകന്‍: സ്‌ക്രീനില്‍ വെറുതെ അരക്കെട്ടിളക്കാനും എല്ലാം തുറന്നു കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും താത്പര്യമില്ലെന്ന് ആന്‍ഡ്രിയ ജെറമിയ; സിനിമ പൂര്‍ണമായും പുരുഷമേധാവിത്വമുള്ള മേഖലയാണെന്നും താരം. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ചെന്നൈയിലെ പ്രമുഖ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയിലെ വാര്‍പ്പ് മാതൃകളെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആന്‍ഡ്രിയ.
സിനിമ തീര്‍ത്തും പുരുഷാധിപത്യമുള്ള മേഖലയാണ്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളുടെ പേര് പറയാന്‍ ഞാന്‍ ആരോട് ആവശ്യപ്പെട്ടാലും അവര്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍, ആമിര്‍ അമിതാബ് ബച്ചന്‍, രജനീകാന്ത്, കമല്‍ ഹാസന്‍ എന്നീ പേരുകള്‍ പറയും. എന്നാല്‍ ഒരു നായികയുടെ പേര് പോലും ആരും പറയില്ല.
എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇയ്യിടെ ഞാന്‍ കണ്ടെത്തിയ ഒന്ന്. താരാമണി എന്നൊരു ചിത്രം ഞാന്‍ ചെയ്തിരുന്നു. താരാമണിക്ക് ശേഷം മറ്റൊരു ചിത്രത്തിനും ഞാന്‍ കരാര്‍ ഒപ്പിട്ടിട്ടില്ല, ഒരെണ്ണം പോലും. അതേ സമയം വിജയുടെ നായികയായി അഭിനയിക്കുന്ന ഒരു പെണ്‍കുട്ടി അവള്‍ക്ക് ആ ചിത്രത്തില്‍ മൂന്നു ഗാനങ്ങളില്‍ നൃത്തരംഗങ്ങള്‍ മാത്രമേയുള്ളൂ എങ്കില്‍ പോലും ആ ചിത്രം ഹിറ്റായി കഴിഞ്ഞാല്‍ മൂന്നും നാലും പടങ്ങള്‍ കരാറായി തിരക്കിട്ടു ഓടുകയായിരിക്കും. താരാമണിക്ക് ശേഷം ആ ചിത്രം ഇഷ്ടപെട്ടവരും അതിലെ എന്റെ പ്രകടനത്തെക്കുറിച്ചു പ്രശംസിച്ചവരുമെല്ലാം എവിടെ പോയി.
ഏതെങ്കിലും ഒരു സ്ത്രീ ശക്തയായ ഒരു കഥാപാത്രം ചെയ്യുകയും മറ്റുള്ളവര്‍ക്ക് അസ്വസ്ഥത വരുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നത് പലര്‍ക്കും ബോധിക്കില്ല. അവള്‍ പറയുകയാണ്, എനിക്ക് നിസാരമായ വേഷങ്ങള്‍ ചെയ്യാന്‍ താല്പര്യമില്ല, എനിക്ക് അതില്‍ കൂടുതല്‍ ചെയ്യാനുണ്ട്. എനിക്ക് സെക്‌സിയാവാനും ഹോട്ടാവാനും സാധിക്കും. അതിനാല്‍ എനിക്കായി കഥാപാത്രങ്ങളെ ഉണ്ടാക്കൂ. സ്‌ക്രീനില്‍ വന്ന് വെറുതെ അരക്കെട്ടിളക്കാനും എല്ലാം തുറന്നു കാണിക്കുന്ന വസ്ത്രങ്ങള്‍ അണിയാനും അതില്‍ തൃപ്തയാകാനും എന്നോട് ആവശ്യപ്പെടരുത്. ഞാന്‍ അതില്‍ തൃപതയല്ല.
എനിക്ക് പൂര്‍ണ നഗ്‌നയായി ഒരു സീനില്‍ അഭിനയിക്കാന്‍ യാതൊരു പ്രയാസവുമില്ല. മാത്രവുമല്ല ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വാശി പിടിക്കുകയും സ്‌ക്രീനില്‍ വെറും പ്രദര്‍ശനവസ്തുക്കളായി മാറുന്ന നായികമാരേക്കാളും പ്രാധാന്യം എനിക്ക് ലഭിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇങ്ങനെ പ്രദര്‍ശനവസ്തുക്കളാവുന്നത് പ്രധാന ഇഷ്യൂ ആണ് പ്രത്യേകിച്ചും തമിഴ് സിനിമയയില്‍. ഇപ്പൊള്‍ അത് പതുക്കെ മാറി വരുന്നുണ്ട്. പക്ഷേ, വളരെ പതുക്കെ മാത്രം,’ ആന്‍ഡ്രിയ പറഞ്ഞു
സിനിമയില്‍ നായികമാരുടെ വിജയം അളക്കുന്നത് അവര്‍ ചെയ്ത വേഷങ്ങള്‍ വച്ചല്ലെന്നും മറിച്ച് അവള്‍ ഏതു നായകന്റെ, സൂപ്പര്‍ സ്റ്റാറിന്റെ കൂടെയാണ് അഭിനയിച്ചതെന്ന അളവുകോല്‍ വെച്ചാണ് എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് ആന്‍ഡ്രിയ പറഞ്ഞു. ‘ഇന്ത്യന്‍ സിനിമ മാറിക്കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ ദീപിക പദുക്കോണിന് ഇന്നത്തെ ദീപികാ പദുക്കോണായി മാറുന്നതിന് ഷാരൂഖ് ഖാനുമൊത്ത് അഭിനയിക്കേണ്ടി വന്നു. അതുപോലെ തന്നെ നയന്‍താരയ്ക്ക് നയന്‍താരയാകാന്‍ വിജയ്, അജിത് സൂര്യ എന്നിവരോടൊപ്പം അഭിനയിക്കേണ്ടി വന്നു.
എന്ത് കൊണ്ട് ആന്‍ഡ്രിയയ്ക്ക് നല്ല ചില റോളുകള്‍ ചെയ്ത ആന്‍ഡ്രിയ ആയിക്കൂടാ. ഒരു അഭിനേതാവിന്റെ പ്രാധാന്യവും യോഗ്യതയുമെല്ലാം സഹതാരത്തെ അടിസ്ഥാനപ്പെടുത്തി നിര്‍ണയിക്കുന്നതെന്തിനാണ്. രജനികാന്തിനൊപ്പം അഭിനയിച്ചു എന്നത് കൊണ്ട് മാത്രം ഒരു നടിക്ക് പ്രാധാന്യം ലഭിക്കുന്നതെങ്ങനെയാണ്. ഈ ചോദ്യങ്ങളാണ് എനിക്ക് ഈ മേഖലയോട് ചോദിക്കനുള്ളത്, കാരണം ഇന്നിവിടെ കാര്യങ്ങള്‍ നടക്കുന്നത് ഇങ്ങനെയാണ്. ഇത് തീര്‍ത്തും പുരുഷ കേന്ദ്രീകൃത മേഖലയാണ്,’ ആന്‍ഡ്രിയ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല