1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2012

നോവല്‍
അങ്ങനെ തോമാച്ചനും നഴ്‌സായി
അദ്ധ്യായം എട്ട്

ദിവസങ്ങള്‍ അതിവേഗം കടന്നുപോയി. ഇതിനിടയില്‍ ജോസൂട്ടിയുടേയും സോണിയയുടേയും പ്രണയബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചത് തോമാച്ചനില്‍ ആശങ്ക ഉളവാക്കി. ഈ ബന്ധം ജോസൂട്ടിയുടെ വീട്ടില്‍ അറിഞ്ഞാല്‍ ആദ്യ ചോദ്യം തന്നോടായിരിക്കും. തനിക്കൊന്നും അറിയില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? പക്ഷേ തന്റെ ഉത്തമ സുഹൃത്തിനു വേണ്ടി, ഒരാവശ്യം വന്നാല്‍ മന:സാക്ഷിയെ വഞ്ചിച്ച് അങ്ങനെ പറയാനും തോമാച്ചന്‍ തയ്യാറായിരുന്നു. ജോസൂട്ടി ഇപ്പോള്‍ പഴയതുപോലെ തോമാച്ചന്റെ കൂടെ നടക്കാറില്ല. സദാസമയവും സോണിയയുടെ കൂടെയാണ്. അവര്‍ ഇങ്ങനെ പൂവും വണ്ടുമായി മുന്നേറുമ്പോള്‍ തോമാച്ചന്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാവാതെ മാറിനിന്നു.

തോമാച്ചന് ഇപ്പോള്‍ കൂട്ട് സിനിമാ തീയേറ്ററിലെ മൂട്ടകളാണ്. തന്റെ രക്തം കൊണ്ട് മാത്രം ജീവിക്കുന്ന ചില മൂട്ടകളെ തോമാച്ചന്‍ തിരിച്ചറിഞ്ഞു തുടങ്ങി. വീട്ടീന്ന് റബ്ബര്‍ഷീറ്റ് അടിച്ചുമാറ്റി ഉണ്ടാക്കുന്ന രൂപയും തന്നെ സിനിമയ്ക്ക് പറഞ്ഞയക്കാനായി ജോസൂട്ടിയും സോണിയയും തരുന്ന പണവും എല്ലാം കൂടി ഒത്തു നോക്കുമ്പോള്‍ ഈ കോളേജ് ജീവിതം അതിമനോഹരം എന്ന് തോമാച്ചന്‍ മനസ്സില്‍ കുറിച്ചു.

ഏത് ഇറക്കത്തിനും ഒരു കയറ്റം ഉണ്ടാകുമല്ലോ? അങ്ങനെ പരീക്ഷ എന്ന കയറ്റം തോമാച്ചന്റെ അടുത്തെത്തി. ഒരു വര്‍ഷമായി പഠനം കാര്യമായി ഒന്നും നടന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചത്തെ സ്റ്റഡീ ലീവ് കിട്ടി. ഈ വിധം തന്റെ സ്ഥാപനത്തിന്റെ നിലവാരം സത്യന്‍ സാറ് കാത്തുസൂക്ഷിക്കുന്നത് കണ്ടപ്പോള്‍ തോമാച്ചന് ‘പരുന്തച്ചനോട്’ പുശ്ചം തോന്നി. പരീക്ഷയുടെ തലേദിവസം വരെ കുത്തിയിരുത്തി പഠിപ്പിക്കുന്ന അച്ചന്റെ ആത്മാര്‍ത്ഥയ്ക്ക് എന്ത് വില!!! ഇവിടെ പണം വാങ്ങി പഠിപ്പിച്ചിട്ടും ലീവ് തരുന്നു. എല്ലാം തനിക്ക് നല്ലതു വരാനാണ്‌ലലോ എന്ന ചിന്ത തോമാച്ചനില്‍ കുളിര് പടര്‍ത്തി.

അവസാനം ആ ദിനം വന്നണഞ്ഞു. കോളേജിലെ അവസാന അദ്ധ്യയന ദിനം; അന്നാണ് ഓട്ടോഗ്രാഫുകളുടെ സുവര്‍ണ്ണദിനം. പലരീതിയിലും ആക്ൃതിയിലും ഉളള ആട്ടോഗ്രാഫുകളുമായി കുട്ടികള്‍ എല്ലാവരും തിരക്കിലാണ്. അന്ന് വരെ പറയാതിരുന്നതും പറയാന്‍ ആഗ്രഹിച്ചിരുന്നതുമായ പ്രണയ നൊമ്പരങ്ങള്‍ ആക്ഷരങ്ങളായ് പകര്‍ന്നു നല്‍കാന്‍ ബുദ്ധിമുട്ടി ഒരു കൂട്ടര്‍ നില്‍ക്കുമ്പോള്‍ തോമാച്ചന്‍ തന്റെ കൊച്ചു സാഹിത്യം പകര്‍ന്ന് കളം പിരിഞ്ഞു. വൈകുന്നേരം ഭാരത് കോളേജിന്റെ പടികടന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തോമാച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. പട്ടണത്തിലെ സിനിമാ കാഴ്ചകള്ഡ ഇനി ഇല്ലല്ലോ എന്നോര്‍ത്ത് തോമാച്ചന്‍ നിരാശനായപ്പോള്‍ ഉനിയുളള ഒരാഴ്ചത്തെ സ്റ്റഡീ ലീവിനിടയില്‍ സോണിയയെ കാണാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് ജോസൂട്ടിയുടെ കണ്ണുകള്‍ നിറഞ്ഞു. ഏതോ പരസ്യത്തില്‍ പറയുന്നതുപോലെ ‘ പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍’. അതു പോലെ ഇവിടെ വിഷമിക്കാനും.

ഇനി പരീക്ഷ… അത് ഭോപ്പാലില്‍ വച്ചാണ്. ഒരാഴ്ച അവിടെ താമസിച്ച് പരീക്ഷ എഴുതണം. അവിടെ താമസിക്കാനുളളതിന്റേയും പരീക്ഷയുടേയും ഒക്കെ തയ്യാറെടുപ്പുകള്‍ ഈ ഒരാഴ്ചയ്ക്കുളളില്‍ തീര്‍ക്കണം. ഒരു കണക്കിന് സ്റ്റഡീലീവ് കിട്ടിയത് നന്നായി എന്ന് തോമാച്ചന്‍ മനസ്സില്‍ കരുതി. ശനിയാഴ്ച റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് കാണാം എന്ന് പറഞ്ഞ് എല്ലാവരും പിരിഞ്ഞു.

രണ്ട് പകലും ഒരു രാത്രിയും യാത്ര ഉളളതുകൊണ്ട് മേരിച്ചേടത്തി ചോറും കറികളും ഉണ്ടാക്കി നാരങ്ങ പിഴിഞ്ഞ് കേടാകാതെ ആക്കി പല പൊതികളിലാക്കി തോമാച്ചന് നല്‍കി. കൂട്ടത്തില്‍ ഒരു ഉപദേശവും. ‘ ട്രയിനില്‍ നിന്ന് കണ്ണില്‍ കണ്ട സാധനങ്ങളൊക്കെ വാങ്ങിതിന്ന് വയറിളക്കം പിടിപ്പിച്ചേക്കരുത്.’ വഴിച്ചെലവിനും താമസത്തിനുമായി അല്പം പണം നല്‍കിയ വര്‍ക്കിച്ചേട്ടന്‍ മകനെ അനുഗ്രഹിച്ചു. കൂടെ മനസ്സില്‍ പറഞ്ഞതും തോമാച്ചന്‍ കേട്ടു. ‘ ഇനിയും ഒരു പിഡിസി പരീക്ഷ എഴുതാന്‍ ഇവന്‍ പോകുന്നത് കാണാന്‍ എനിക്ക് ഇടവരുത്തല്ലേ പുണ്യാളാ’ എന്ന്. വര്‍ക്കിച്ചേട്ടന്‍ മനസ്സില്‍ പറഞ്ഞപ്പോള്‍ തന്നെ കാര്യം തോമാച്ചന് അപ്പച്ചന്റെ മുഖഭാവത്തില്‍ നിന്ന് പിടികിട്ടി. പുണ്യാളന്റെ പടത്തിന് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് സ്തുതി നല്‍കാന്‍ വര്‍ക്കിച്ചേട്ടന്റെ അടുത്ത് ചെന്നപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് തോമാച്ചന്‍ കണ്ടു. അപ്പോഴാണ് അപ്പച്ചന് തന്നോട് സ്‌നേഹം ഉണ്ടല്ലോ എന്ന് തോമാച്ചന് മനസ്സിലായത്.

അപ്പച്ചന്റേയും അമ്മച്ചിയുടേയും സ്തുതിയും അനുഗ്രഹവും ഏറ്റുവാങ്ങി തോമാച്ചന്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ജോസൂട്ടി, സോണിയ എന്നിങ്ങനെ എല്ലാവരും അധികം വൈകാതെ സ്‌റ്റേഷനില്‍ എത്തിച്ചേര്‍ന്നു. പെണ്‍കുട്ടികളെ യാത്രയാക്കാന്‍ രക്ഷിതാക്കളും എത്തി. നഷ്ടപ്പെടുവാന്‍ ഏതാനും ഭക്ഷണപ്പൊതികള്‍ അല്ലാതെ മറ്റൊന്നും ഇല്ലാതിരുന്നതിനാല്‍ ആണ്‍കുട്ടികളുടെ കൂടെ ആരും എത്തിയിരുന്നില്ല. പെണ്‍കുട്ടികളുടെ രക്ഷിതാക്കളും സത്യന്‍ സാറുമായി കാര്യമായി എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. സത്യന്‍സാറും ടീനാ മിസ്സും ഭോപ്പാലിലേക്ക് കൂടെ വരുന്നെന്ന് അറിഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ക്കും ആശ്വാസമായി. ടിക്കറ്റുകളെല്ലാം കോളേജില്‍ നിന്നും ഒരുമിച്ച് എടുത്തതിനാല്‍ ഒരേ കമ്പാര്‍ട്ടുമെന്റില്‍ തന്നെ എല്ലാവര്‍ക്കും സീറ്റ് കിട്ടി. പതിവു പോലെ 45 മിനിറ്റ് താമസിച്ച് വന്ന് ഇന്ത്യന്‍ റെയില്‍വേയുടെ മാനം കാത്തുകൊണ്ട് ഇതാ ട്രയിന്‍ കോട്ടയത്ത് എത്തിച്ചേരുന്ന വിവരം ഇടക്ക് കോളാമ്പി മൈക്കിലൂടെ കേട്ടു. എല്ലാവരും റെഡിയായി വരിവരിയായി നിന്ന് ട്രയിനില്‍ കയറി.

അങ്ങനെ ശനിയാഴ്ച കോട്ടയത്തു നിന്ന് യാത്ര പുറപ്പെട്ട തോമാച്ചന്‍ പിറ്റേ തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തി. വീട്ടില്‍ തിരിച്ചെത്തിയ ഉടനെ മേരിച്ചേടത്തിയും വര്‍ക്കിച്ചേട്ടനും പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചു. എല്ലാം നന്നായി എഴുതിയെന്ന് പറഞ്ഞ് തോമാച്ചന്‍ അടുക്കളിയിലേക്ക് നീങ്ങി. ‘ എന്റെ കുഞ്ഞ് ഒരാഴ്ച ഉണക്കചപ്പാത്തി കഴിച്ച് അങ്ങ് ക്ഷീണിച്ചുപോയി’ എന്ന് പതം പറഞ്ഞ് മേരിച്ചേടത്തിയും അടുക്കളയിലേക്ക് തോമാച്ചന്റെ പിന്നാലെ പോയി. ഭക്ഷണവും കുളിയും കഴിഞ്ഞ് തോമാച്ചന്‍ മയങ്ങാന്‍ കിടന്നു. ‘ എല്ലാവരും പരീക്ഷ പാസ്സാകും’ എന്ന് സത്യന്‍സാര്‍ ഉറപപ്പ് പറഞ്ഞിരുന്നതിനാല്‍ തോമാച്ചന് ഉറങ്ങാന്‍ താമസം വന്നില്ല. ഉച്ചമയക്കത്തിലായ തോമാച്ചന്റെ മനസ്സിലേക്ക് ട്രയിന്‍യാത്രയുടെ ഓര്‍മ്മകള്‍ ഓടിയെത്തി.

അന്താക്ഷരിയും ചീട്ടുകളിയും ഒക്കെയായി എല്ലാവരും ട്രയിന്‍യാത്ര ആസ്വദിച്ചു. ‘അക്കരയിക്കരെ നിന്നാലെങ്ങനെ ആശ തീരും’ എന്ന് ഒരുത്തന്‍ പാടിയപ്പോള്‍ സോണിയ ജോസൂട്ടിയെ കണ്ണിറുക്കി കാണിച്ചതും, അത് താന്‍ കണ്ടും എന്ന് മനസ്സിലായപ്പോള്‍ സോണിയയുടെ ചമ്മലുമൊക്കെ തോമാച്ചനെ സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിച്ചില്ല. അവസാനം തോമാച്ചന്‍ തലയിണയും കെട്ടിപ്പിടിച്ച് സ്വപ്‌നങ്ങള്‍ കണ്ട് ഉറങ്ങിപ്പോയി.

രാവിലെ ഉറക്കം ഉണര്‍ന്ന തോമാച്ചനില്‍ റിസല്‍ട്ട് വരാന്‍ ഇനി 45 ദിവസം കൂടി ഉണ്ടല്ലോ എന്ന ചിന്ത ആശങ്ക ഉളവാക്കി. ഇത്രയും ദിവസങ്ങള്‍ അപ്പച്ചന്റെ കൂടെ പണി ചെയ്യാതിരിക്കാനുളള മാര്‍ഗ്ഗം അവന്‍ ആലോചിച്ചു. പക്ഷേ തോമാച്ചന്റെ ആലോചനകളെ എല്ലാം തൂത്തെറിഞ്ഞ് കൊണ്ട് വര്‍ക്കിച്ചേട്ടന്‍ മകനെ പറമ്പിലോട്ട് തന്നെ കൊണ്ടുപോയി.

പിറ്റേ ഞയറാഴ്ച പളളിയില്‍ വച്ച് ജോസൂട്ടിയെ കണ്ടപ്പോള്‍ അവനും ആകെ സങ്കടത്തിലാണ്. ഉരലു ചെന്ന് മദ്ദളത്തോട് സങ്കടം പറയുന്ന അവസ്ഥ. പറമ്പില്‍ പണിയുന്നതിന്റെ വിഷമം തോമാച്ചനെങ്കില്‍ സോണിയയെ കാണാന്‍ പറ്റാത്തതിന്റെ വിഷമം ജോസൂട്ടിയ്ക്ക്. അടുത്ത ഞയറാഴ്ച സോണിയയുടെ ഇടവകയില്‍ പെരുന്നാളാണ്. അതിന് പോകാന്‍ ജോസൂട്ടിയും തോമാച്ചനും തീരുമാനിച്ചു. അങ്ങനെ വീണ്ടും സോണിയായെ കണ്ടുമുട്ടി. കണ്ണും കലാശവും ഒക്കെ കാണിച്ച് സോണിയായെ ചിന്തിക്കടയുടെ സൈഡില്‍ എത്തിച്ച് വര്‍ത്തമാനം പറഞ്ഞപ്പോഴാണ് അറിഞ്ഞത് സോണിയായെ നഴ്‌സിങ്ങിന് ചേര്‍ക്കാന്‍ വീ്ട്ടുകാര്‍ തീരുമാനിച്ചും എന്ന് . ഇത് കേട്ടപാടെ എന്നാല്‍ ഞങ്ങള്‍ രണ്ട് പേരും നഴ്‌സിങ്ങിന് തന്നെ ചേരും എന്ന് ജോസൂട്ടി വാക്ക് കൊടുത്തു. ഇത് കേട്ട് തോമാച്ചന്‍ അമ്പരന്ന് പോയി. തിരികെ പോരുമ്പോള്‍ ഇക്കാര്യം ജോസൂട്ടിയോട് തോമാച്ചന്‍ സൂചിപ്പിച്ചു. തന്റെ പിതാവായ ചാക്കോസാറിനെ കൊണ്ട് വര്‍ക്കിച്ചേട്ടനെ പറഞ്ഞ് മനസ്സിലാക്കി തോമാച്ചനെ ജോസൂട്ടിയുടെ കൂടെ പഠിക്കാന്‍ വിടുന്ന കാര്യം ജോസൂട്ടി ഏറ്റു. തനിക്കോ തന്റെ പിതാവിനോ ഇക്കാര്യത്തില്‍ വലിയ ഗ്രാഹ്യം ഇല്ലാത്തതിനാല്‍ ഇക്കാര്യത്തിന്റെ എല്ലാ തീരുമാനവും ജോസൂട്ടിയ്ക്ക് വിട്ടുകൊടുത്തു.

ചാക്കോസാറ് ഇക്കാര്യം വീട്ടില്‍വന്ന് പറഞ്ഞപ്പോള്‍ തന്നെ മേരിച്ചേട്ടത്തി സമ്മതം തലകുലുക്കി അറിയിച്ചു. പിഡിസി, ഐടിസി, ടിടിസി ഇത്യാദി യോഗ്യതകള്‍ക്ക് ഇപ്പോള്‍ വിവാഹമാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറവാണന്ന് ചാക്കോസാറ് പറഞ്ഞപ്പോള്‍ വര്‍ക്കിച്ചേട്ടനും സമ്മതിച്ചു. അതിനുശേഷം വൈകിട്ട് തോമാച്ചനെ വിളിച്ച വര്‍ക്കിച്ചേട്ടന്‍ ഇപ്രകാരം പറഞ്ഞു.’ നീ എല്ലാം ശരിയാക്കി വാ, കാശു ഞാന്‍ തരാം, പക്ഷേ ഒറ്റയടിക്ക് പാസ്സായിക്കോണം. അല്ലാതെ ഇനി അതിനും ഭോപ്പാലില്‍ പോകാന്‍ ഇടയാക്കരുത്’ തോമാച്ചന്‍ തലകുലുക്കി സമ്മതിച്ചു.

തുടരും…
ജോഷി പുലിക്കൂട്ടില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.