സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് നാലാമങ്കത്തിനായി താന്‍ തയ്യാറാണെന്ന് ആംഗല മെര്‍ക്കല്‍. ഞായറാഴ്ച ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് ആസ്ഥാനത്തു നടന്ന ചടങ്ങിനിടെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടാനുള്ള ആഗ്രഹം മെര്‍ക്കല്‍ വെളിപ്പെടുത്തിയത്. അടുത്ത വര്‍ഷമാണ് ജര്‍മനിയില്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2005ല്‍ ആദ്യമായി ചാന്‍സലര്‍ സ്ഥാനത്തെത്തിയ മെര്‍ക്കല്‍ മൂന്നുതവണ മത്സരിച്ചുകഴിഞ്ഞു.
കുടിയേറ്റ പ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെ മെര്‍ക്കലിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കുറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ, പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്തം മെര്‍ക്കല്‍ ഏറ്റെടുത്തു.
പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കായി രാജ്യത്തിന്റെ വാതിലുകള്‍ തുറന്നിട്ട മെര്‍ക്കലിന്റെ നടപടി രാജ്യത്ത് ഏറെ വിമര്‍ശനത്തിനിടയാക്കിയെങ്കിലും ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ടു. അടുത്തകാലത്ത് ജര്‍മനിയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നയം പുന:പരിശോധിക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതിന്റെ പ്രതിഫനമെന്നോണം മെര്‍ക്കലിന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല