സ്വന്തം ലേഖകൻ: ഭീകരവാദം നേരിടാൻ ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 17 കരാറുകളിൽ ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചു. അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയ ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ കശ്മീരിനെക്കുറിച്ച് പരാമർശിച്ചില്ല.
പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി നിരവധി മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളിലാണ് ഇന്ത്യയും ജർമ്മനിയും ഒപ്പുവച്ചത്. ഇന്ത്യയുടെ വികസനത്തിന് ജർമ്മനി പോലെ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് ഏഞ്ചല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്രമോദി പറഞ്ഞത്. തമിഴ്നാട്ടിലും ഉത്തർപ്രദേശിലും വ്യവസായ ഇടനാഴിയിൽ മുതൽമുടക്കാൻ ജർമ്മനിയെ മോദി ക്ഷണിച്ചു. മെര്‍ക്കലുമായുള്ള ചര്‍ച്ചയില്‍ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു.
നരേന്ദ്രമോദിയെ ഇന്ന് വീണ്ടും മർക്കൽ കാണുന്നുണ്ട്. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയത് ആഭ്യന്തരകാര്യമെന്നാണ് മോദിയുടെ വിശദീകരണം. യൂറോപ്യൻ പാർലമെൻറ്, വിഷയം ചർച്ച ചെയ്ത സാഹചര്യത്തിൽ ജർമ്മനിയുടെ പിന്തുണ ഇന്ത്യക്ക് പ്രധാനമാണ്. കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കുക എന്നതാണ് ജർമ്മനിയുടെ ഇതുവരെയുള്ള നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല