സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്ക് സിറിയയില്‍ തന്നെ താവളം ഒരുക്കിക്കൂടേയെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍, പറ്റില്ലെന്ന് യുഎന്‍. താല്‍കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സ്വരാജ്യത്തുതന്നെ സുരക്ഷിത താവളമൊരുക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ഈ നിര്‍ദേശം യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ തള്ളിക്കളഞ്ഞു. യുദ്ധമുഖങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് സുരക്ഷിത താവളം ഒരുക്കാന്‍ കഴിയില്ലെന്ന് യു.എന്‍ വ്യക്തമാക്കി. സന്നദ്ധ സംഘടനകളും ഇത് ശരിവെച്ചു. അഭയാര്‍ഥി പ്രവാഹം തടയാന്‍ നിലവില്‍വന്ന ഇയു, തുര്‍ക്കി കരാറിലെ അപാകതകള്‍ പരിഹരിക്കാന്‍ തുര്‍ക്കിയിലത്തെിയതായിരുന്നു മെര്‍കല്‍.
തുര്‍ക്കിയില്‍ 27 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ കഴിയുന്നുണ്ട്. സിറിയന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പുകളും മെര്‍കല്‍ സന്ദര്‍ശിച്ചു. മെര്‍കലിനൊപ്പം യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമുണ്ടായിരുന്നു.
നമ്മുടെ ലക്ഷ്യം അനധികൃത കുടിയേറ്റക്കാരെ തടയുക എന്നതു മാത്രമല്ല, പിറന്ന നാടുവിട്ട് പലായനം ചെയ്യുന്നവര്‍ക്ക് അവരുടെ വീടുകള്‍ക്കരികില്‍ അവസരം നല്‍കുക എന്നതുകൂടിയാണെന്ന് മെര്‍കല്‍ ഓര്‍മപ്പെടുത്തി.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ സിറിയയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും പല സ്ഥലങ്ങളിലും സാധാരണക്കാര്‍ക്കു നേരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല