സ്വന്തം ലേഖകന്‍: ആഞ്ജലീന ജോളി രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കി താരം. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ജോളി, ’20 വര്‍ഷം മുന്‍പായിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ എന്ന ചോദ്യം ഞാന്‍ കയ്യോടെ തള്ളിക്കളഞ്ഞേനെ, ഇപ്പോള്‍ അതല്ല അവസ്ഥ’ എന്നു സൂചിപ്പിച്ചത്. തന്നെ ആവശ്യമുള്ളയിടത്ത് പോകുമെന്ന് അവര്‍ പറഞ്ഞു.
രാഷ്ട്രീയ നിലപാടുകളും സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെ കുറിച്ചുമെല്ലാം പ്രത്യേക അഭിമുഖത്തില്‍ താരം വിശദമാക്കി. രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അഭിമുഖത്തില്‍ അവതാരകന്‍ ജസ്റ്റിന്‍ വെബ് ചോദിച്ചപ്പോളാണ് താരം മനസ് തുറന്നത്. യുഎന്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്. വിവിധ സര്‍ക്കാരുകളുമായും സൈന്യങ്ങളുമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്.
വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നയിടത്താണ് ഇപ്പോളുള്ളതെന്നും താരം പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയില്‍ താങ്കളുമുണ്ടാകട്ടെയെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ നന്ദി എന്നു മാത്രം പറഞ്ഞ് ആഞ്ജലീന ചിരിച്ചു. യുഎസ് രാഷ്ട്രീയം, സോഷ്യല്‍ മീഡിയ, ലൈംഗിക അതിക്രമം, ആഗോള അഭയാര്‍ത്ഥി പ്രതിസന്ധികള്‍ എന്നിവയെ കുറിച്ചെല്ലാം ആഞ്ജലീന അഭിമുഖത്തില്‍ പരാമര്‍ശിച്ചു. യുഎന്‍ റെഫ്യൂജി ഏജന്‍സിയുടെ പ്രത്യേക പ്രതിനിധിയാണ് താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല