സ്വന്തം ലേഖകന്‍: ഗോളയില്‍ കളി കാര്യമായി, ഫുട്ബാള്‍ സ്‌റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 17 മരണം. അംഗോളയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ യൂജിലില്‍ നടന്ന സംഭവത്തില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി ഫുട്‌ബോള്‍ മല്‍സരം കാണുന്നതിനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.
മല്‍സരത്തിന്റെ ടിക്കറ്റ് ലഭിക്കാതിരുന്നവര്‍ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്റ്റേഡിയത്തില്‍ അംഗോള ആഭ്യന്തര ലീഗിലെ മല്‍സരത്തിനിടെയാണു ജനക്കൂട്ടം നിയന്ത്രണം വിട്ടത്. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തിനിരികെ രൂപപ്പെട്ട തിരക്കാണ് വന്‍ അപകടത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.
നേരത്തേതന്നെ നിറഞ്ഞ സ്റ്റേഡിയത്തിലേക്ക് ആള്‍ക്കൂട്ടം തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. നിലത്തു വീണു ചവിട്ടേറ്റും ശ്വാസംമുട്ടിയുമാണു പലരും മരണപ്പെട്ടത്. പരുക്കേറ്റ അറുപതോളംപേര്‍ ആശുപത്രിയിലാണ്. ഫിഫ റാങ്കിങ്ങില്‍ 148 മത് സ്ഥാനത്തുള്ള അംഗോള ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ശിശുക്കളാങ്കിലും ഫുട്‌ബോള്‍ ഭ്രാന്തിന്റെ കാര്യത്തില്‍ മുന്നിലാണ്.
പ്രസിഡന്റ് ജോസ് എഡ്വേര്‍ഡോ ദോസ് സാന്റോസിന്റെ ഉരുക്കു മുഷ്ടിക്കുകീഴില്‍ ശ്വാസംമുട്ടി കഴിയുന്ന അംഗോളക്കാരുടെ ഒരേയൊരു വിനോദോപാധി ഫുട്‌ബോള്‍ ലീഗാണെന്ന് കരുതപ്പെടുന്നു. ലീഗിലെ ഒട്ടേറെ ആരാധകരുള്ള സാന്റാ റീത്ത ഡി കാസിയ, ലിബോലോ എന്നീ ക്ലബുകളാണ് ഒന്നാം ഡിവിഷന്‍ ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടിയിരുന്നത്.
8000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തില്‍ ഏതാണ്ട് ഇരട്ടിയോളം കാണികള്‍ ഇടിച്ചു കയറിയെന്നാണ് സൂചന. സംഭവത്തില്‍ അംഗോളയിലെ പ്രസിഡന്റ് ജോസ് എടുഅര്‍ഡോ ഡോസ് സാന്റോസ് അന്വേഷണത്തിന് ഉത്തരവിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല