സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയിലെ പിളര്‍പ്പ് മാറ്റി ഒന്നിപ്പിച്ച് എന്‍ഡിഎയിലേക്ക് ആനയിക്കാന്‍ ബിജെപി കരുനീക്കം, വാഗ്ദാനം ചെയ്തത് മൂന്ന് കേന്ദ്ര മന്ത്രി സ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട്. അണ്ണാ ഡിഎംകെ പളനിസാമി – പനീര്‍സെല്‍വം പക്ഷങ്ങള്‍ ലയിച്ചാല്‍ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാമെന്നു ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ലയനശേഷം അണ്ണാ ഡിഎംകെയ്ക്ക് ഒരു കാബിനറ്റ് മന്ത്രി സ്ഥാനവും രണ്ടു സഹമന്ത്രി സ്ഥാനങ്ങളും നല്‍കാമെന്നാണ് ഉറപ്പു നല്‍കിയിട്ടുള്ളത്. അണ്ണാ ഡിഎംകെ നേതാവ് എം.തമ്പിദുരൈ നിലവില്‍ ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
അണ്ണാ ഡിഎംകെ എതിര്‍വിഭാഗം നേതാവ് ഒ.പനീര്‍സെല്‍വവും കൂടിയാലോചനകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ടി.ടി.വി. ദിനകരനെ നിയോഗിച്ച പാര്‍ട്ടി തീരുമാനം അസാധുവാക്കി ലയനത്തിനുള്ള സാഹചര്യം ഒരുക്കാനാണു പളനിസാമിയുടെ നീക്കം. തിരഞ്ഞെടുപ്പു കമ്മീഷനുമായും പളനിസാമി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.
ലയന തീരുമാനമുണ്ടായാല്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തമിഴ്‌നാട്ടിലെത്തി സഖ്യചര്‍ച്ച നടത്തുമെന്നാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ, എന്‍ഡിഎ മുന്നണിയിലുണ്ടാകണമെന്ന താല്‍പര്യം ബിജെപി കേന്ദ്രനേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല