സ്വന്തം ലേഖകൻ: 2016 ഏപ്രിൽ 25-ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അവതരിപ്പിച്ച സൗദി അറേബ്യയുടെ വിഷൻ 2030 ആരംഭിച്ചിട്ട് എട്ട് വർഷം പിന്നിടുന്നു. രാജ്യത്തിന്റെ അഗാധമായ സാംസ്കാരിക പൈതൃകവും ശക്തമായ നിക്ഷേപവും പ്രയോജനപ്പെടുത്തി രാജ്യത്തെ മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
സൗദി അറേബ്യയെ സമൃദ്ധിയുടെ ഭാവിയിലേക്ക് നയിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പദ്ധതി, വാണിജ്യം, സംസ്‌കാരം, നവീകരണം എന്നിവയുടെ ആഗോള അവിഭാജ്യ ഘടകമായി രാജ്യത്തെ മാറ്റി. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് അംഗീകരിച്ച ഈ സമഗ്രമായ സംരംഭം സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുകയും താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് സൗദി അറേബ്യയുടെ സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുകയാണ്.
വിഷൻ 2030-ന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് ടൂറിസമാണ്. 2023-ൽ സൗദി അറേബ്യ 106 ദശലക്ഷം സന്ദർശകരെ സ്വാഗതം ചെയ്തു. അതിൽ 27.4 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. രാജ്യം കഴിഞ്ഞ വർഷം 13.56 ദശലക്ഷം തീർഥാടകരെ സ്വാഗതം ചെയ്തു. സാമ്പത്തിക മേഖലയും ശക്തമായ വളർച്ച പ്രകടമാക്കി ജിഡിപി 2,959 ബില്യൻ റിയാലിലെത്തിച്ചു.
സൗദി അറേബ്യയുടെ വിഷൻ 2030 പൊതുജനാരോഗ്യത്തിലും ക്ഷേമത്തിലും ശ്രദ്ധേയമായ പുരോഗതിക്ക് കാരണമായി. കൂടാതെ, 66,000-ലധികം കുടുംബങ്ങൾക്ക് പുതിയ വീടുകൾ ലഭിക്കുകയും വീട്ടുടമസ്ഥത നിരക്ക് 63.74% ആയി ഉയരുകയും ചെയ്തു. പരിസ്ഥിതി സുസ്ഥിരതയും ശുദ്ധമായ ഊർജവും വിഷന്റെ പ്രധാന ഘടകങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല