സ്വന്തം ലേഖകൻ: ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയും നഴ്സുമായ ഷാരോണ്‍ വര്‍ഗീസിനെ അഭിനന്ദിച്ച് മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. കൊറോണ വൈറസ് കാലത്ത് നിസ്വാര്‍ത്ഥമായ സേവനം കാഴ്ച വച്ചതിനാണ് ഗില്‍ക്രിസ്റ്റ് ഷാരോണിനെ അഭിനന്ദിച്ചത്. ഓസ്ട്രേലിയയിലെ വെലൊംഗോംഗില്‍ വയോധികര്‍ക്കുള്ള കെയര്‍ ഹോമിലെ നഴ്സാണ് ഷാരോണ്‍. കൊറോണ കാലത്തും അവധിയെടുക്കാതെ ഷാരോണ്‍ ഇവിടെ സേവനം തുടര്‍ന്നിരുന്നു.
“കൊറോണ വ്യാപന കാലത്ത് മുഴുവനും കെയര്‍ ഹോമില്‍ ജോലി ചെയ്ത നിങ്ങള്‍ അഭിമാനമാണെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്. ‘ഓസ്ട്രേലിയ മുഴുവനും ഇന്ത്യ മുഴുവനും ഏറ്റവും പ്രധാനമായി നിങ്ങളുടെ കുടുംബവും നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു,” ഗില്‍ക്രിസ്റ്റ് പറഞ്ഞു.
ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്‍റ് കമ്മീഷന്‍ ഇറക്കിയ വീഡിയോയിലാണ് ഗില്‍ക്രിസ്സ് ഷാരോണിനെ പ്രശംസിച്ചത്. വീഡിയോ കണ്ടെന്നും നന്ദിയുണ്ടെന്നും ഷാരോണ്‍ പ്രതികരിച്ചു.
ആശുപത്രിയില്‍ ജോലി ചെയ്യാനായിരുന്നു ആഗ്രഹമെങ്കിലും കെയര്‍ ഹോമില്‍ അവസരം ലഭിച്ചപ്പോള്‍ സ്വീകരിക്കുകയായിരുന്നുവെന്നും ഷാരോണ്‍ പറഞ്ഞു.
മലയാളി നഴ്സുമാര്‍ക്ക് അഭിനന്ദിച്ചുക്കൊണ്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. 20 ലക്ഷം നഴ്സുമാര്‍ വിദേശത്ത് സേവനമനുഷ്ഠിക്കുകയാണെന്നും ഇതില്‍ 15 ലക്ഷം പേരും കേരളത്തില്‍ നിന്നുമുള്ളവരാണെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല