സ്വന്തം ലേഖകൻ: ഹംഗറി വിദേശ തൊഴിലാളി താമസ പെർമിറ്റുകളുടെയും തൊഴിലുമായി ബന്ധപ്പെട്ട റസിഡൻസ് പെർമിറ്റുകളുടെയും എണ്ണം 2025ൽ 35,000 ആയി പരിമിതപ്പെടുത്തും. ഹംഗേറിയൻ ജോലികളും കുടുംബങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്ന് ഹംഗേറിയൻ ദേശീയ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
ഹംഗറി സർക്കാർ നിശ്ചയിച്ചിട്ടുള്ള അതിഥി തൊഴിലാളികൾക്കുള്ള ഈ വർഷത്തെ പരിധി 65,000 ആയിരുന്നു. 2024ൽ 65,000 ആയിരുന്ന പെർമിറ്റുകളുടെ എണ്ണം 2025ൽ 35,000 ആയി കുറയ്ക്കും.
ഹംഗേറിയൻ പൗരന്മാരുടെ തൊഴിലുകളെയും കുടുംബങ്ങളെയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ കാരണങ്ങളാൽ, ഹംഗേറിയൻ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്കനുസരിച്ച് മാത്രമേ താൽക്കാലിക താമസവും ജോലിയും സാധ്യമാകൂ. ഒഴിവുള്ള തസ്തികകളിൽ ഹംഗേറിയൻ തൊഴിലാളികളെ നിയമിക്കാൻ കഴിയാത്തപ്പോൾ മാത്രമേ രാജ്യാന്തര തൊഴിലാളികളെ നിയമിക്കാൻ കഴിയൂ.
ഈ വർഷം സെപ്റ്റംബറിൽ ഹംഗേറിയൻ സർക്കാർ അതിഥി തൊഴിലാളികൾക്കുള്ള കർശനമായ നിയമങ്ങൾ ഉൾപ്പെടുത്തി പുതിയ നിർദ്ദേശം അവതരിപ്പിച്ചിരുന്നു. ഹംഗറിയിലെ ജോലി ഒഴിവുകൾ ആദ്യം തദ്ദേശീയർക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസികളെയും വിലക്കും. 2024ലെ അതിഥി തൊഴിലാളികളുടെ പരിധി 65,000 ആയിരുന്നു. നോർത്ത് മാസിഡോണിയ, ബെലാറസ്, കസാക്കിസ്ഥാൻ തുടങ്ങി 15 രാജ്യങ്ങളിൽ നിന്നുള്ള വിദേശ തൊഴിലാളികൾക്ക് സർക്കാർ പ്രവേശനം അനുവദിച്ചിരുന്നു. 2024 ജനുവരി 1ന് ഹംഗറി പുതിയ ഇമിഗ്രേഷൻ നിയമം നടപ്പിലാക്കി. അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ ജൂലൈ 1 മുതൽ നടപ്പിലാക്കാനായിരുന്നു ആദ്യ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല