സ്വന്തം ലേഖകൻ: തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 144 പ്രകാരം തൊഴില്‍ ദാതാവ് ജീവനക്കാര്‍ക്ക് രോഗശമനവുമായും രോഗപ്രതിരോധവുമായും ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിന് സംവിധാനം ഒരുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇതിന്റെ ഭാഗമായി തൊഴില്‍ ദാതാവ് തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനായി ഒന്നോ അതിലധികമോ ഡോക്ടര്‍മാരെ നിയോഗിക്കണം. സോഷ്യല്‍ ഇന്‍ഷുറന്‍സ് വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുള്ള തൊഴില്‍പരമായ രോഗങ്ങള്‍ ബാധിക്കാനിടയുള്ള ജീവനക്കാരെ പ്രത്യേകം പരിശോധനയ്ക്കു വിധേയരാക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന പക്ഷം ആവശ്യമായ ചികിത്സയ്ക്കും സഹായമൊരുക്കണം.
അതോടൊപ്പം മുഴുവന്‍ തൊഴിലാകളെയും ചുരുങ്ങിയത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സമഗ്രമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ട ഉത്തരവാദിത്തവും തൊഴിലുടമയ്ക്കുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. മെഡിക്കല്‍ ടെസ്റ്റിന്റെ ഫലം ഡോക്ടറുടെയും തൊഴിലാളിയുടെയും രേഖകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
സൗദിയിലെ പ്രവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും അവര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി മാനവ വിഭവ ശേഷി വിതസന മന്ത്രാലയം അവരുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രവാസി തൊഴിലാളികളുടെ ഒരു വലിയ സമൂഹം സൗദി അറേബ്യയില്‍ താമസിക്കുന്ന സാഹചര്യത്തില്‍, തൊഴില്‍ വിപണിയെ നിയന്ത്രിക്കാനും അതിന്റെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കാനുമുള്ള നിരവധി നടപടികളും സൗദി അടുത്ത കാലത്തായി കൈക്കൊണ്ടിരുന്നു.
വിദേശ തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ ഒപ്പുവയ്ക്കുന്ന തൊഴില്‍ കരാര്‍ സൗദി സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
നിശ്ചിത സമയത്തിനുള്ളില്‍ സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ ബ്രാഞ്ചുകളുടെ ലൊക്കേഷനും തൊഴിലാളികളുടെ വിവരങ്ങളും ഖിവ പോര്‍ട്ടലില്‍ ചേര്‍ക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനു പുറമെ, 2020-ല്‍ സൗദി അറേബ്യ നിരവധി പ്രധാന തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരുന്നു. തൊഴിലുടമകളുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോവാനും തിരികെ വരാനുമുള്ള സൗകര്യം നല്‍കുന്നത് ഉള്‍പ്പെടെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തിലും വലിയ മാറ്റങ്ങള്‍ അധികൃതര്‍ കൊണ്ടുവന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല