സ്വന്തം ലേഖകന്‍: മുന്‍ അനോറെക്‌സിയ രോഗിയായിരുന്ന യുവതി രോഗകാലത്തെ തന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തു വിട്ടു. രോഗത്തിന് എതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ചിത്രങ്ങള്‍ പുറത്തു വിട്ടതെന്നു പത്തൊമ്പതുകാരിയായ ബെത്ത് കോവന്‍ അറിയിച്ചു.
വിശപ്പ് തീര്‍ത്തും ഇല്ലാതാകുന്ന രോഗാവസ്ഥയാണ് അനോറെക്‌സിയ. ഭക്ഷണ സാധനങ്ങളോടുള്ള വിരക്തി വര്‍ദ്ധിക്കുന്നതിനാല്‍ രോഗി ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിക്കുകയും തത്ഫലമായി ശരീര ഭാരം അപകടകരമാം വിധം കുറയുകയും ചെയ്യുന്നു.
ബെത്തിന് പതിനാറ് വയസുള്ളപ്പോഴാണ് രോഗം തലപൊക്കിത്തുടങ്ങിയത്. താന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് വല്ലാതെ കുറയുന്നത് ആദ്യമൊന്നും ശ്രദ്ധിച്ചില്ലെന്ന് ബെത്ത് പറയുന്നു. വിശപ്പില്ലാതാകുന്നത് ഗൗരവുമായി കാണാതിരുന്ന ബെത്ത് ആകട്ടെ ദിവസവും ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുകയും ചെയ്തു. ഒരു ദിവസം ഒരു ആപ്പിള്‍ എന്നതായിരുന്നു ഭക്ഷണക്രമം.
ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതോടെ ശരീരഭാരം കുത്തനെ കുറയാന്‍ തുടങ്ങി. ഒരു ഘട്ടത്തില്‍ വെറും 38 കിലോഗ്രാം ആയിരുന്നു ബെത്തിന്റെ ഭാരം. ഒരിക്കല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് കണ്ണാടിയില്‍ തന്റെ രൂപം കണ്ടപ്പോള്‍ പേടിച്ചു പോയെന്ന് ബെത്ത് പറയുന്നു. സുഹൃത്തുകളാകട്ടെ ബെത്ത് എന്തോ അസുഖം ബാധിച്ച് മരണത്തിലേക്ക് നീങ്ങുകയാണെന്ന് വിശ്വസിക്കുകയും ചെയ്തു.
ഡോക്ടരും ബെത്തിന്റെ കോലം കണ്ട് അന്തംവിട്ടു.ആശുപത്രിയില്‍ കിടത്തി കുഴലിലൂടെ ഭക്ഷണം കൊടുത്ത് ജീവന്‍ നിലനിര്‍ത്തേണ്ട അവസ്ഥയില്‍ ആയിരുന്നു കാര്യങ്ങള്‍. ചികിത്സ തുടങ്ങിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ബെത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്നു.
തുടര്‍ന്ന് വിദഗ്ദരായ ഡോക്ടര്‍മാരുടെ സഹായത്തോടെ ബെത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.പഴയ സൗന്ദര്യവും പ്രസരിപ്പും വീണ്ടെടുത്ത ബെത്ത് മിസ് ബ്രിട്ടീഷ് എമ്പയര്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. തന്നെ പോലെ അനോറെക്‌സിയ കാരണം കുഴപ്പത്തിലായ മറ്റു പെണ്‍കുട്ടികള്‍ക്ക് ധൈര്യം നല്‍കാനാണ് രോഗകാലത്തെ ചിത്രങ്ങള്‍ പുറത്തു വിട്ടതെന്ന് ബെത്ത് പറഞ്ഞു. അനോറെക്‌സിയയെ കീഴ്ടടക്കാന്‍ കഴിയുമെന്ന യാഥാര്‍ഥ്യം ആ പെണ്‍കുട്ടികളെ ഏറെ സഹായിക്കുമെന്നും ബെത്ത് പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല