ഇന്ത്യയില്‍ നിന്നെത്തിയ വെളുത്ത പൊടി യുഎസില്‍ പലരുടെയും ഉറക്കം കെടുത്തി. ആന്ത്രാക്സ് പരത്തുന്ന പൊടിയാണിതെന്ന പേടിയുടെ മുള്‍മുനയില്‍ രാത്രി കഴിച്ചുകൂട്ടിയത് യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ സഹോദരന് ഫ്രാന്‍സിസ് ബൈഡനും കാമുകിയും. ജോ ബൈഡന്റെ ഇളയ സഹോദരന് ഫ്രാന്‍സിസ് ബൈഡന് (57) തപാലില്‍ വന്ന കവര്‍ മെയില്‍ ബോക്സില്‍ നിന്ന് എടുത്തുകൊണ്ടു വന്നത് കാമുകി മിന്ഡിയാണ്. ഇന്ത്യയില്‍ നിന്നു വന്നതാണ് കവര്‍ (ഇന്ത്യയില്‍ എവിടെനിന്നാണെന്ന് വെളിപ്പെടുത്തിയിട്ടില്ല).
ഫ്രാന്‍സിസ് ബൈഡന് കവര്‍ പൊട്ടിച്ചപ്പോള്‍ അതില്‍ നിന്നു തൂവിയ വെളുത്ത പൊടി അദ്ദേഹത്തിന്റെ ശരീരത്തിലും വീണു.ബൈഡന് ഉടന്‍ തന്നെ പൊലീസിനു ഫോണ്‍ ചെയ്തു. അവര്‍ എത്തി ആദ്യം ചെയ്തത് ബൈഡന്റെ അയല്‍വാസികളെ മുഴുവന്‍ ഒഴിപ്പിച്ചു മാറ്റുകയായിരുന്നു.
തെരുവിലൂടെയുള്ള ഗതാഗതം എട്ടു മണിക്കൂറിലേറെ തടഞ്ഞു. ബൈഡനെയും മിന്ഡിയെയും നിരീക്ഷണത്തിനായി ആശുപത്രിയിലാക്കി. പിറ്റേന്നു പൊടി നിരുപദ്രവകാരിയാണെന്നും ആന്ത്രാക്സ് ഭീഷണിയില്ലെന്നും ഫെഡറല്‍ ബ്യൂറോ ഒാഫ് ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചതോടെ ആശ്വാസമായി. ബൈഡന് ആശുപത്രി വിട്ടു. സാധാരണ സ്കൂളുകളില്‍ നിന്നു പുറന്തള്ളപ്പെടുന്നവരായ കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്കുന്ന, പ്രതിഫലേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫ്ലോറിഡയിലെ ഒരു സ്കൂളിന്റെ തലവനാണ് ഫ്രാന്‍സിസ് ബൈഡന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല