1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2019

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കുടിയേറ്റക്കാര്‍ക്ക് അഭയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നത് റദ്ദാക്കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്ന നിയമത്തിന് സുപ്രിംകോടതിയുടെ അനുമതി. മറ്റേതെങ്കിലും രാജ്യത്ത് അഭയകേന്ദ്രം ആവശ്യപ്പെട്ടിട്ട് നിഷേധിക്കപ്പെട്ടവര്‍ക്കോ മനുഷ്യക്കടത്തിന് ഇരായായവര്‍ക്കോ മാത്രമായിരിക്കും ഇനി മുതല്‍ അഭയകേന്ദ്രം ലഭിക്കുക. പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിന് സാധിക്കും.

രാജ്യത്തിന്റെ ദക്ഷിണ അതിര്‍ത്തിയിലൂടെ കുടിയേറുന്നവര്‍ക്ക് അഭയാര്‍ഥി കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനെതിരെയാണ് സുപ്രിംകോടതി വിധി. മാതൃരാജ്യമല്ലാത്ത ഒരു രാജ്യത്ത് അഭയകേന്ദ്രം നിഷേധിക്കപ്പെട്ടവരെയും മനുഷ്യക്കടത്തിന് ഇരയാക്കപ്പെട്ടവരെയും മാത്രമായിരിക്കും ഇനി അഭയാര്‍ഥികളായി പരിഗണിക്കുക. അതിര്‍ത്തികളില്‍ എത്തപ്പെടുന്നവരെ അഭിമുഖം നടത്തിയ ശേഷമായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. ദക്ഷിണ അതിര്‍ത്തിയെ ഉദ്ദേശിച്ചാണ് കോടതി വിധിയെങ്കിലും ഇത് രാജ്യം മുഴുവന്‍ ബാധകമായിരിക്കും.

2019 ആഗസ്ത് വരെ ദക്ഷിണ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചവരുടെ എണ്ണം 8 ലക്ഷം കവിയും. ഇതില്‍ ഭൂരിപക്ഷവും സാല്‍വദോര്‍, ഗ്വോട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മെക്‌സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ രാജ്യക്കാര്‍ക്കാണ് പുതിയ നിയമം തിരിച്ചടിയായത്. കോടതി വിധിയോട് വിയോജിക്കുന്നുവെന്നാണ് മെക്‌സിക്കോയുടെ പ്രതികരണം.

അഭയാര്‍ഥി വിരുദ്ധ നിലപാട് സ്വീകരിച്ച് അധികാരത്തിലെത്തുകയും 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ട്രംപിന് ആത്മവിശ്വാസം പകരുന്നതുമാണ് സുപ്രിംകോടതി വിധി. 9 അംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ രണ്ട് അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചെന്നതും ശ്രദ്ധേയമാണ്. കോടതി തീരുമാനം വന്‍ വിജയമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.