സ്വന്തം ലേഖകന്‍: സ്പെയിനില്‍ കാളപ്പോരിന് എതിരായ വികാരം ശക്തമാകുന്നു, മാഡ്രിഡില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാളപ്പോരിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടാണ് തലസ്ഥാനമായ മഡ്രിഡില്‍ കാളപ്പോര് വിരോധികള്‍ ഒത്തുകൂടിയത്. രാജ്യത്തെ ചില ഉത്സവങ്ങളില്‍ കാളപ്പോരിന് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെയായിരുന്നു വന്‍ പ്രകടനം.
കാസ്റ്റില സ്റ്റേറ്റ് സര്‍ക്കാറാണ് കഴിഞ്ഞ ജൂണില്‍ തങ്ങളുടെ അധികാര ദേശത്തിനകത്ത് നടക്കുന്ന ഫെസ്റ്റിവലുകളില്‍ കാളപ്പോരിന് നിരോധമേര്‍പ്പെടുത്തിയത്. മറ്റു സ്റ്റേറ്റുകളിലും സമാന നിയമം കൊണ്ടുവരണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
സ്പെയിനിലെ പ്രമുഖ കാളപ്പോര് വിദഗ്ദന്നായ വിക്ടര്‍ ബാരിലോ പോരിനിടെ കാളയുടെ കുത്തേറ്റു മരിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. ആയിരക്കണക്കിനു പേര് കണ്ടുകൊണ്ടിരുന്ന മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണത്തിനിടെയായിരുന്നു ദാരുണമായ മരണം.
അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായതും കാളപ്പോര് നിരോധിക്കണമെന്ന പൊതുജനാഭിപ്രായത്തിന് ആക്കം കൂട്ടി. വര്‍ഷം തോറും ഇരുനൂറോളം കാളപ്പോരുകള്‍ സ്പെയിനില്‍ നടക്കുന്നതായാണ് കണക്കുകള്‍. വിദേശികളടക്കം പതിനായിരക്കണക്കിന് ആളുകള്‍ ഈ മാമാങ്കം കാണാന്‍ സ്പെയില്‍ എത്താറുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല