സ്വന്തം ലേഖകന്‍: പെണ്‍കുട്ടികളുടെ കൂടെ ജോലി ചെയ്യാനില്ല എന്ന ന്യായം പറഞ്ഞ് നോബേല്‍ ജേതാവ് യൂണിവേഴ്‌സിറ്റി പദവി ഉപേക്ഷിച്ചു. ടിം ഹണ്ട് എന്ന ബയോകെമിസ്റ്റാണ് യൂണിവേഴ്‌സിറ്റി കൊളേജ് ഓഫ് ലണ്ടനിലെ സ്ഥാനം രാജിവച്ചത്. ജോലി സ്ഥലത്തെ പെണ്‍കുട്ടികളുടെ സാന്നിധ്യം ശാസ്ത്രജ്ഞരെ കുഴപ്പത്തിലാക്കുമെന്ന ടിമ്മിന്റെ പ്രസ്താവന നേരത്തെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.
ജോലിസ്ഥലത്തെ പെണ്‍കുട്ടികളുടെ സാന്നിധ്യം മൂന്ന് കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്നാണ് ടിം ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന വേള്‍ഡ് കോണ്‍ഫ്രന്‍സ് ഓഫ് സയന്‍സില്‍ പറഞ്ഞത്. പെണ്‍കുട്ടികള്‍ ലാബില്‍ ഉണ്ടെങ്കില്‍ ഒന്നുകില്‍ അവരോട് നിങ്ങള്‍ക്ക് പ്രണയം തോന്നും. അല്ലെങ്കില്‍ അവര്‍ക്ക് നിങ്ങളോട് പ്രണയം തോന്നും. മൂന്നാമതായി നിങ്ങള്‍ അവരെ വിമര്‍ശിച്ചാല്‍ അവര്‍ കരയാന്‍ തുടങ്ങും.
ജൂണ്‍ 9 നായിരുന്നു വിവാദ പരാമര്‍ശം. അടുത്ത ദിവസം തന്നെ യൂണിവേഴ്‌സിറ്റി കോളേജ് പ്രൊഫസര്‍ സ്ഥാനം ടിം രാജിവെച്ചു. ക്യാമ്പസിന്റെ വെബ്‌സൈറ്റ് രാജിവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വം ഉയര്‍ത്തിപ്പിടിക്കുന്ന ക്യാമ്പസാണ് യുസിഎല്‍ എന്നും സൈറ്റില്‍ ഓര്‍മ്മിപ്പിക്കുന്നു.
72 കാരനായ ടിം 2001 ലാണ് വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടിയത്. താന്‍ തമാശയായാണ് പരാമര്‍ശം നടത്തിയതെന്ന് ബിബിസി റേഡിയോ 4 ല്‍ സംസാരിക്കവേ ടിം പറഞ്ഞു. അതേസമയം പെണ്‍കുട്ടികളുടെ സാന്നിധ്യമുണ്ടാക്കുന്ന കുഴപ്പത്തെ സംബന്ധിച്ച പരാമര്‍ശത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.
എന്നാല്‍ കോളേജിലും പുറത്തും ടിമ്മിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയെക്കുറിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും സജീവമാണ്. വിക്ടോറിയന്‍ കാലഘട്ടത്തിലാണോ ജീവിക്കുന്നതെന്ന് ടിമ്മിനെ ചില സഹപ്രവര്‍ത്തകര്‍ പരിഹസിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല