1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2016

സ്വന്തം ലേഖകന്‍: ഇനി വിമാനം റാഞ്ചിയാല്‍ വധശിക്ഷ, ആന്റി ഹൈജാക്ക് ബില്‍ ലോക്‌സഭ പാസാക്കി. വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ആന്റി ഹൈജാക്ക് ബില്‍ 2016 നേരത്തേ രാജ്യസഭ പാസാക്കിയിരുന്നു. ഇതോടെ ബില്‍ പ്രാബല്യത്തില്‍ വന്നു.

പുതിയ നിയമ പ്രകാരം ഭീഷണിപ്പെടുത്തിയോ, അല്ലാതെയോ വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള ഏതു ശ്രമവും റാഞ്ചലായി കണക്കാക്കും. വിമാന റാഞ്ചലിനിടെ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പ്രതിക്ക് വധശിക്ഷ ലഭിക്കും. വിമാനം റാഞ്ചാന്‍ ശ്രമിക്കുന്നവര്‍, പ്രേരണ നല്‍കുന്നവര്‍, റാഞ്ചല്‍ ഭീഷണി മുഴക്കുന്നവര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വരെ നല്‍കാനുള്ള കര്‍ശന വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.

വിമാനം പുറപ്പെടാന്‍ വൈകുമ്പോഴും യാത്ര അനിശ്ചിതത്വത്തിലാകുമ്പോഴും വിമാന ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കവും വാഗ്വാദവും റാഞ്ചല്‍ ശ്രമമായി വ്യാഖ്യാനിക്കാന്‍ പുതിയ ബില്‍ അധികൃതര്‍ക്ക് അവസരം നല്‍കുന്നു. എന്നാല്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പുതിയ നിയമം തയാറാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.

പുതിയ നിയമം അനുസരിച്ച് വിമാന റാഞ്ചല്‍ രാഷ്ട്രീയ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ മറ്റൊരു രാജ്യവുമായി ബന്ധപ്പെട്ട വിമാന റാഞ്ചല്‍ കേസിലെ പ്രതികളെ ബന്ധപ്പെട്ട രാജ്യം ആവശ്യപ്പെട്ടാല്‍ കൈമാറാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. റാഞ്ചിയ വിമാനം അന്യ രാജ്യങ്ങളില്‍ കൊണ്ടിറക്കി വില പേശുന്ന റാഞ്ചികളുടെ തന്ത്രം നേരിടാനാന്‍ ഈ വ്യവസ്ഥ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.