1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2023

സ്വന്തം ലേഖകൻ: ഇന്ത്യ-കാനഡ ബന്ധത്തിൽ ആശങ്ക നിലനിൽക്കെ രാജ്യത്ത് വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് കാനഡ പൊതുസുരക്ഷ മന്ത്രാലയം. ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന തരത്തിലുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് പൊതു സുരക്ഷ മന്ത്രാലയത്തിന്‍റെ വിശദീകരണം. പ്രചരിക്കപ്പെടുന്ന വീഡിയോ അപകീർത്തികരമാണെന്നും അത് കാനഡിയേൻ പൗരന്മാർ വിശ്വസിക്കുന്ന മൂല്യങ്ങൾക്ക് എതിരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

“വെറുപ്പിനും, വിദ്വേഷത്തിനും, ഭയത്തിനും രാജ്യത്ത് സ്ഥാനമില്ല. ഇതെല്ലാം മനുഷ്യരെ ഭിന്നിപ്പിക്കാൻ വേണ്ടി മാത്രമുള്ളവയാണ്. എല്ലാ കനേഡിയൻ പൗരന്മാരും പരസ്പര ബഹുമാനത്തോടെയും രാജ്യത്തെ നിയമത്തിൽ വിശ്വസിച്ചും മുന്നോട്ടുപോകണം. തങ്ങളുടെ വിഭാഗങ്ങളിൽ സുരക്ഷിതമായിരിക്കുന്നത് ഓരോ പൗരന്‍റേയും അവകാശമാണ്” – മന്ത്രാലയം വ്യക്തമാക്കി.

ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ആശങ്കയുയർന്നതും ഇതിന് പിന്നാലെയാണ്. തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളുമായുള്ള പ്രശ്നപരിഹാരത്തിന് ചർച്ചകൾ നടത്തിവരികയാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. കനേഡിയൻ പൗരന്മാർക്ക് ഇന്ത്യൻ വീസ നൽകുന്നത് താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വീസ നടപടികൾ സാധിക്കില്ലെന്നാണ് ഉത്തരവ്. ഇ-വീസ ഉൾപ്പെടെ എല്ലാ വീസകൾക്കും നിലവിൽ വിലക്കുണ്ട്.

അതേസമയം വിഷയത്തിൽ വേഗം ഇരുരാജ്യങ്ങളും ഒത്തുതീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വീസ നിർത്തിവെച്ച സംഭവം കനേഡിയൻ പൗരത്വം ഉള്ള പഞ്ചാബ് സ്വദേശികളെ ബാധിക്കുന്നതാണെന്നും ഉത്സവകാലത്ത് എല്ലാവർക്കും നാട്ടിലേക്ക് മടങ്ങേണ്ടതാണെന്നും പഞ്ചാബ് പി.സി.സി പ്രസിഡന്‍റ് അമരീന്ദർ സിങ് രാജ വഡിങ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.