സ്വന്തം ലേഖകന്‍: അഭയാര്‍ഥി വിരുദ്ധ ടീഷര്‍ട്ട് ധരിച്ച് ഫോട്ടോ, നടി പ്രിയങ്ക ചോപ്രക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം. കോണ്ടെ നാസ്റ്റ് ട്രാവലര്‍ മാഗസിന്റെ കവര്‍ ഫോട്ടോയില്‍ പ്രിയങ്ക അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ടിലെ എഴുത്താണ് നടിയെ കുരുക്കിലാക്കിയത്. റെഫ്യൂജി, ഇമിഗ്രന്റ്, ഔട്ട്‌സൈഡര്‍, ട്രാവലര്‍ എന്നിങ്ങനെ എഴുതിയിരിക്കുന്നതില്‍ ട്രാവലര്‍ എന്നതൊഴിച്ച് ബാക്കിയെല്ലാം ചുവന്ന മഷി കൊണ്ട് വെട്ടിയിട്ടിരിക്കുകയാണ് ടിഷര്‍ട്ടില്‍.
അഭയാര്‍ഥികളെയും, കുടിയേറ്റക്കാരെയും അപമാനിച്ചു എന്നതാണ് താരത്തിനെതിരെയുള്ള വിമര്‍ശനം. താനൊരു യാത്രക്കാരി മാത്രമാണെന്ന് കാണിക്കുകയായിരുന്നു പ്രിയങ്കയുടെ ശ്രമമെങ്കിലും അതിന് പാലായനത്തെ വില കുറച്ച് കാണേണ്ടിയിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
ലോകം മുഴുവന്‍ അഭയാര്‍ഥി പ്രശ്‌നം നീറി നില്‍ക്കുന്ന നേരത്ത് പ്രിയങ്ക ചെയ്തത് ശരിയായില്ലെന്നാണ് പൊതുവെ അഭിപ്രായം. യാത്ര പോലെയല്ല കുടിയേറ്റവും പാലായനവും നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് ചിലര്‍ പ്രിയങ്കയെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
താരത്തിനെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി മാഗസിന്‍ തന്നെ രംഗത്തെത്തി. അഭയാര്‍ത്ഥികളെ വിമര്‍ശിക്കുകയല്ല അവര്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. പാലായനം ചെയ്യുന്നവരോട് ഹൃദയ ശൂന്യമായി പെരുമാറുന്നതുമാണ് ഞങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ ശ്രമിച്ചതെന്നും മാഗസിന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല