സ്വന്തം ലേഖകൻ: കാനഡയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വീസ വെട്ടിക്കുറച്ചതിനുപിന്നാലെ കുടിയേറ്റത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഞങ്ങള്‍ക്ക് ഇനി കുറച്ച് താത്കാലിക വിദേശതൊഴിലാളികള്‍ മാത്രമേ ഉണ്ടാകൂ. കനേഡിയന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിർദേശം നൽകും’’-ജസ്റ്റിന് ട്രൂഡോ എക്സിൽ അറിയിച്ചു. കഴിഞ്ഞ മാസമാണു വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്.
കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്തു സ്ഥിരതാമസമാക്കുന്നതിനും പ്രതിസന്ധികള്‍ സൃഷ്ടിക്കും.
കാനഡയില്‍ വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നതുമൂലം താമസ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതായും പലിശനിരക്കുകളില്‍ വലിയ വര്‍ധനവിന് ഇടയാക്കുന്നതായും പൊതുജനങ്ങൾക്കിടയിൽ വിമർശനമുണ്ട്.
അതേസമയം, ജസ്റ്റിൻ ട്രൂഡോ നാലാം തവണയും ജനവിധി തേടരുതെന്നാവശ്യപ്പെട്ട് നിരവധി ലിബറൽ പാർട്ടി അംഗങ്ങൾ രംഗത്തെത്തി. ഇക്കാര്യത്തിൽ ഈ മാസം 28നകം തീരുമാനമെടുക്കണമെന്ന് ലിബറൽ പാർട്ടിയിലെ അംഗങ്ങൾ ട്രൂഡോയ്ക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു പാർട്ടി യോഗം ചേർന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല