1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2024

സ്വന്തം ലേഖകൻ: 2016ന് ശേഷം ജര്‍മനിയിലെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ലഭിച്ചത് 3,51,000 അപേക്ഷകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത്, യു കെയിലേക്ക് എത്തുന്നതിന്റെ നാലിരട്ടിയോളം അഭയാര്‍ത്ഥികളാണ് ജര്‍മനിയില്‍ എത്തുന്നത്. ഇതോടെ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ജര്‍മന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയിരിക്കുകയാണ്.

പുതിയ നിയമം അനുസരിച്ച്, അഭയാര്‍ത്ഥി പദത്തിനുള്ള അപേക്ഷയില്‍ ധൃതഗതിയില്‍ തന്നെ തീരുമാനമുണ്ടാകും. മാത്രമല്ല, അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതിനെല്ലാം പുറമെ അപേക്ഷ നിരസിക്കപ്പെടുന്നവരെ എത്രയും പെട്ടെന്ന് നടുകടത്തുകയും ചെയ്യും. മാത്രമല്ല, ഇവരെ നാടുകടത്താന്‍ ഉദ്ദേശിക്കുന്ന വിമാനം പറന്നു പൊങ്ങുന്നതിന് 28 ദിവസം മുന്‍പ് മുതല്‍ തന്നെ ഇവരെ പിടിച്ചു വെയ്ക്കാനുള്ള അധികാരവും അധികൃതര്‍ക്കുണ്ട്.

ഇക്കഴിഞ്ഞ ജനുവരിക്കും ഏപ്രിലിനും ഇടയിലായി 6,300 പേരെയാണ് ഇത്തരത്തില്‍ നാറ്റുകടത്തിയത്. കഴിഞ്ഞ വര്‍ഷം സമാനമായ കാലയളവില്‍ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയോളം വരും ഇത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോയ സ്‌കൈ ന്യൂസിന്റെ പ്രതിനിധികള്‍ പറയുന്നത്, ഈ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ആളുകളെ ബെര്‍ലിനിലെ ഇറാഖി എംബസ്സിക്ക് മുന്‍പില്‍ കണ്ടു എന്നാണ്.

അവരില്‍ പലരും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജര്‍മനിയില്‍ താമസിക്കുന്നവരാണ്. ജര്‍മനിയില്‍ താമസിക്കുന്നതിന് താത്ക്കാലിക അനുമതിയും ലഭിച്ചവരാണ്. പക്ഷെ, ഇപ്പോള്‍ ഇറാഖ് സുരക്ഷിതമാണെന്നും അങ്ങോട്ട് തിരിച്ചു പോകണമെന്നുമാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.അവരുടെ കൂടെയുണ്ടായിരുന്നവരില്‍ ചിലരെ ഇതിനോടകം നാടുകടത്തിയതായും അവര്‍ പറയുന്നു.

അഭയാര്‍ത്ഥി പദവിക്കുള്ള അപേക്ഷകള്‍ നിരസിക്കുന്നത് അടുത്തകാലത്തായി വര്‍ദ്ധിച്ചു വരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജര്‍മനി നിയമങ്ങള്‍ കടുപ്പിച്ചതോടെ കൂടുതല്‍ ആളുകള്‍ ബ്രിട്ടനിലേക്ക് കടക്കുവാനുള്ള ശ്രമത്തിലാണ്. തിരികെ ഇറാഖിലേക്ക് പോയാല്‍ ജീവന്‍ അപകടത്തിലാകുമെന്ന് ഭയക്കുന്നവര്‍ ഏത് മാര്‍ഗ്ഗം ഉപയോഗിച്ചും ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളില്‍ കഴിയുവാനാണ് ആഗ്രഹിക്കുന്നത്. ഇത് മുതലെടുക്കാന്‍ മനുഷ്യക്കടത്ത് സംഘങ്ങളും സജീവമായി രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.