സ്വന്തം ലേഖകൻ: ഞായറാഴ്ച ജോര്‍ജിയയില്‍ നടന്ന സമാപന റാലിയില്‍ താന്‍ “ഏലിയന്‍ എനിമീസ് ആക്ട് 1798′ പുറത്തെടുക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് യുദ്ധത്തടവുകാര്ക്കെതിരേ പ്രയോഗിച്ച നിയമമാണിത്. അമേരിക്കയോട് ശത്രുതയുള്ള രാജ്യങ്ങളിലെ പൗരന്മാരെ തടവിലാക്കാനും പുറത്താക്കാനും അധികാരം നല്കുന്ന നിയമം.
ഇതുപയോഗിച്ച് അനധികൃത കുടിയേറ്റക്കാരെ ഇറക്കുമെന്നും അതിര്‍ത്തി അടയ്ക്കുമെന്നും അമേരിക്കക്കാരെ കൊല്ലുന്ന കുടിയേറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരുടെ അധിനിവേശം ഉണ്ടായെന്നും അവര്‍ വളര്ത്തുമൃഗങ്ങളെവരെ പിടിച്ചു തിന്നെന്നും എകെ 47 തോക്കുമായാണ് അവര്‍ വന്നതെന്നുമൊക്കെ ട്രംപ് പ്രസംഗിച്ചു.
കുടിയേറ്റക്കാര്‍ തങ്ങളുടെ വിഭവങ്ങളും ജോലികളും തട്ടിയെടുക്കുന്നുണ്ടെന്ന് അമേരിക്കക്കാര്‍ കരുതുന്നു. സാധാരണ ജോലി മുതല്‍ ഉയര്‍ന്ന ജോലിവരെ കുടിയേറ്റക്കാര്‍ കവര്‍ന്നെടുത്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന കുടിയേറ്റക്കാരാണ് അമേരിക്കയില്‍ ഏറ്റവും വരുമാനമുള്ളവര്‍. അതേസമയം വരുമാനത്തില്‍ വെള്ളക്കാര്‍ ഏഴാമതാണ്.
ഐടി, ആരോഗ്യംരംഗം തുടങ്ങിയ മേഖലകളിലെ ആധിപത്യവും സമ്പാദ്യശീലവുമാണ് ഇന്ത്യക്കാരെ ഒന്നാമതാക്കിയത്. ട്രംപിന്റെ നിലപാട് അനധികൃത കുടിയേറ്റക്കാരെ മാത്രമേ ബാധിക്കുകയുള്ളോ അതോ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കുടിയറ്റക്കാരെ ബാധിക്കുമോയെന്ന് കണ്ടറിയണം.
സാമ്പത്തികവിഷയങ്ങളാണ് ട്രംപിനെ സഹായിച്ച മറ്റൊരു ഘടകം. അമേരിക്കയില്‍ നാണ്യപ്പെരുപ്പം ഉയര്‍ന്നു നിൽക്കുകയും സാധാരണക്കാരെ ബാധിക്കുകയും ചെയ്തു. പലിശനിരക്കും തൊഴിലില്ലായ്മയും ഉയര്‍ന്നുതന്നെ. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രംപാണ് കുടുതല്‍ മെച്ചമെന്ന് അമേരിക്കക്കാര്‍ വിശ്വസിക്കുന്നു.
യുക്രെയ്ൻ യുദ്ധവും ഗാസായുദ്ധവും പരിഹരിക്കാനും ട്രംപിനു സാധിക്കും. അമേരിക്കയുടെ ആയുധവും പണവും യുദ്ധത്തിനു വിനിയോഗിക്കുന്നതിനെ ജനങ്ങള്‍ വെറുക്കുന്നു. ലോകപോലീസെന്ന പദവി വീണ്ടെടുക്കാന്‍ ട്രംപിനു കഴിയുമെന്നും ഭീകര പ്രസ്ഥാനങ്ങളെ നിലയ്ക്കു നിര്‍ത്തുമെന്നും അവര്‍ വിശ്വസിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല