1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2024

സ്വന്തം ലേഖകൻ: ഇന്ത്യയെ ‘സൈബര്‍ എതിരാളി’യായി വിശേഷിപ്പിച്ച് കനേഡിയന്‍ ഗവണ്‍മെന്‌റിന്‌റെ ഔദ്യോഗിക രേഖ. കനേഡിയന്‍ സെന്‌റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ നാഷണല്‍ സൈബര്‍ ത്രെറ്റ് അസെസ്‌മെന്‌റ് 2025-2026-ലാണ് ഇന്ത്യയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ ചൈന, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്.

സൈബര്‍ ഭീഷണിയെക്കുറിച്ചുള്ള വിഭാഗത്തിലാണ് സംസ്ഥാന എതിരാളികളായി ഇന്ത്യ ഉള്‍പ്പെടെയുള്ളവയെ കാണിച്ചിരിക്കുന്നത്. ‘ഇന്ത്യന്‍ സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന സൈബര്‍ ഭീഷണി നടത്തുന്നവര്‍ ചാരപ്രവര്‍ത്തനം ലക്ഷ്യമാക്കി കാനഡ സര്‍ക്കാര്‍ നെറ്റ് വര്‍ക്കുകള്‍ക്കെതിരെ സൈബര്‍ ഭീഷണി നടത്തിയേക്കാമെന്ന് വിലയിരുത്തുന്നു’ റിപ്പോര്‍ട്ടില്‍ ഇന്ത്യയെക്കുറിച്ചുള്ള പരാമര്‍ശം ഇങ്ങനെയാണ്. കനഡയും ഇന്ത്യയും തമ്മിലുള്ള ഔദ്യോഗിക ഉഭയകക്ഷി ബന്ധങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കാനഡയ്‌ക്കെതിരായ സൈബര്‍ ഭീണിക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ഏജന്റുമാര്‍ ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണം കാനഡ ഉന്നയിച്ചതിനെത്തുടര്‍ന്ന് കാനഡയിലെ നയതന്ത്ര പ്രതിനിധികളെ ഒക്ടോബര്‍ പകുതിയോടെ ഇന്ത്യ പിന്‍വലിച്ചിരുന്നു. അതിനുശേഷമാണ് ഇത്തരമൊരു വിശേഷണം ഇന്ത്യയ്ക്ക് നല്‍കി ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല കാനഡയില്‍ സിഖ് വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമത്തിനും അവരെ നിരീക്ഷിക്കുന്നതിനും കേന്ദ്രമന്ത്രി അമിത് ഷാ അനുമതി നല്‍കിയെന്നും കാനഡ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഒട്ടാവയിലെ വിദേശ ഇടപെടല്‍ കമ്മിഷനു മുന്നില്‍ ഒക്ടോബര്‍ 16ന് ഹാജരായ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യ കാനഡയുടെ പരമാധികാരം ലംഘിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇതിന്‌റെ വ്യക്തമായ സൂചനകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും ട്രൂഡോ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും കനേഡിയന്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.