സ്വന്തം ലേഖകൻ: ഇന്ത്യയിലേത് ചില ദരിദ്ര രാജ്യങ്ങളിലുള്ളതിനേക്കാൾ മോശമായ അടിസ്ഥാന സൗകര്യങ്ങളെന്ന് ബ്രിട്ടീഷ് വിനോദ സഞ്ചാരി. മാലിന്യക്കൂനകൾ നിറഞ്ഞ പൊതു ഇടങ്ങൾ, പൗരബോധം എന്തെന്നറിയാത്ത മനുഷ്യർ, അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെങ്കിലും താങ്ങാനാത്ത ജീവിതച്ചെലവ്, അതിശയിപ്പിക്കുന്ന അളവിൽ ദരിദ്രരായ ജനത, തുടങ്ങി ഇന്ത്യയിൽ കണ്ടതൊന്നും വിശ്വസിക്കാനാവാത്തതെന്നും ഭീകരമായ അവസ്ഥയെന്നും സഞ്ചാരി റെഡ്ഡിറ്റില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഇന്ത്യ സന്ദർശിക്കാനായി താൻ മാറ്റിവെച്ച മൂന്നുവര്‍ഷം പാഴായെന്നും സഞ്ചാരിയുടെ കുറിപ്പിൽ പറയുന്നു.
പോസ്റ്റ് വൈറലായതിന് പിന്നാലെ വിഷയത്തിൽ വൻതോതിലുള്ള ചർച്ചകളും വിമര്‍ശനങ്ങളും ഉയർന്നു. വിമർശനങ്ങൾ അതിരു കടന്നതോടെ പോസ്റ്റ് നീക്കം ചെയ്തെങ്കിലും പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്ത്യയിൽ വിനോദസഞ്ചാരികൾ നേരിടുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ആനന്ദ് ശങ്കർ എന്ന വ്യക്തിയും രംഗത്തെത്തി. വായുമലിനീകരണം, പൊതുശുചിത്വം, വനിതാ സുരക്ഷ തുടങ്ങിയവ ഇന്ത്യയിലെത്തുന്ന സഞ്ചാരികൾക്ക് ആശങ്കയായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വിനോദസഞ്ചാരമേഖല ഇത്രയും തരംതാഴ്ന്ന നിലയിൽ എത്തിയത് ഇതിന് മുമ്പെങ്ങും കണ്ടിട്ടില്ലെന്നും ഇന്ത്യ സന്ദർശിക്കാനുദ്ദേശിക്കുന്ന ഓരോരുത്തരും സാമൂഹിക മാധ്യമങ്ങളേയും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു. രാജ്യത്തെ പുരോഗതിക്ക് അനിവാര്യമായ വിനോദ മേഘലയെ ഇത്ര നിസാരമായി കാണുന്നതെന്തുകൊണ്ടെന്നും ആനന്ദ് ശങ്കർ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിച്ചു.
താജ്മഹലും അജന്ത എല്ലോറ, ഖജുരാഹോ എന്നിവയടക്കമുള്ളവയും വേണ്ടവിധം സംരക്ഷിക്കപ്പെടുന്നില്ലെന്ന പരാതിയുമായി മുമ്പ് ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തറും രംഗത്തെത്തിയിരുന്നു. ടൂറിസം രംഗത്ത് ഇന്ത്യയ്ക്ക് അനന്ത സാധ്യതകളാണ് ഉള്ളത്. അത് തിരിച്ചറിഞ്ഞ് നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ നാം വേണ്ടവിധം സംരക്ഷിക്കേണ്ടതാണെന്നുമായിരുന്നു അദ്ദേഹം വീഡിയോയിലൂടെ പങ്കുവെച്ചത്.
മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ടൂറിസം രംഗത്ത് ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടിരുന്നു. വിദേശ സഞ്ചാരിയുടെ യാത്രാ അനുഭവങ്ങൾ ചർച്ചയായതോടെ ജാവേദ് അക്തറിന്റെ പഴയ വീഡിയോയും വിവിധ എക്സ് ഹാന്റിലുകളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല