1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2017

 

സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വ്യാപക കുടിയേറ്റ വിരുദ്ധ റെയ്ഡ്, മതിയായ രേഖകളില്ലാത്ത നൂറുകണക്കിന് പേര്‍ പിടിയില്‍. യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ ഒരാഴ്ചക്കിടെ ആറു സംസ്ഥാനങ്ങളില്‍ നടത്തിയ കുടിയേറ്റവിരുദ്ധ റെയിഡിലാണ് നൂറുകണക്കിന് പേര്‍ അറസ്റ്റിലായത്. ജനുവരി 26 ലെ, യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യാത്രാ വിലക്ക് ഉത്തരവിനുശേഷം ആദ്യമായാണ് ഇത്തരത്തില്‍ വ്യാപക കുടിയേറ്റ വേട്ട.

കുറ്റവാളികളായ കുടിയേറ്റക്കാരെ പിടിക്കുന്നതിനായാണ് തിരച്ചില്‍ നടത്തിയതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, അറസ്റ്റ് ചെയ്തവരില്‍ യാതൊരു കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലാത്ത കുടിയേറ്റക്കാരുമുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അനധികൃതമായി യു.എസില്‍ എത്തിയ കുറ്റമേ ഇവര്‍ ചെയ്തിട്ടുള്ളു.

അറ്റ്‌ലാന്റ, ഷികാഗോ, ന്യൂയോര്‍ക്, ലോസ് ആഞ്ജലസ്, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന എന്നിവിടങ്ങളിലെ വീടുകളിലും ജോലിസ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ഇത് സാധാരണയായുള്ള കുടിയേറ്റ നടപടികളുടെ ഭാഗമായി നടത്തിയ തിരച്ചില്‍ മാത്രമാണെന്ന് ഇമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐ.സി.ഇ) ചുമതലയുള്ള ആഭ്യന്തരസുരക്ഷ വകുപ്പ് വക്താവ് ഗില്ലിയന്‍ ക്രിസ്റ്റന്‍സണ്‍ പറഞ്ഞു.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നടത്തിയ തിരച്ചിലില്‍ 12 ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള നിരവധി അനധികൃത കുടിയേറ്റക്കാരെ പിടികൂടിയതായും ക്രിസ്റ്റന്‍സണ്‍ വ്യക്തമാക്കി. അതിനിടെ, പിടികൂടിയ 160 ഓളം പേരില്‍ 75 ശതമാനം പേരും കുറ്റവാളികളാണെന്ന് കണ്ടത്തെിയതായി ഐ.സി.ഇ വക്താവ് ഡേവിഡ് മരിന്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ അനധികൃതമായി യു.എസില്‍ എത്തിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോസ് ആഞ്ജലസില്‍നിന്ന് പിടികൂടിയ 37 പേരെ മെക്‌സികോയിലേക്ക് തിരിച്ചയച്ചു. അറസ്റ്റ് ചെയ്തവരില്‍ അധികവും പ്രായപൂര്‍ത്തിയായ പുരുഷന്മാരാണെന്നും കുട്ടികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഫ്‌ളോറിഡ, കാന്‍സസ്, ടെക്‌സസ്, നോര്‍ത്ത് വിര്‍ജീനിയ എന്നിവിടങ്ങളിലും വ്യാപക തിരച്ചില്‍ നടന്നതായി കുടിയേറ്റക്ഷേമ പ്രവര്‍ത്തകര്‍ ആരോപിച്ചു.

കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യത്തെ വ്യാപക ആക്രമണമാണ് ഇതെന്നും ഇത്തരം നടപടികള്‍ ഇനിയും തുടരാന്‍ സാധ്യതയുണ്ടെന്നും കുടിയേറ്റക്ഷേമ സംഘടന ‘യുനൈറ്റഡ് വി ഡ്രീമി’ന്റെ വക്താവ് ക്രിസ്റ്റീന ജിമനെസ് അഭിപ്രായപ്പെട്ടു. അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി കുടിയേറ്റ അവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

രേഖകളില്ലാതെ അമേരിയ്ക്കയില്‍ കഴിയുന്ന 30 ലക്ഷം പേരെ രാജ്യത്തു നിന്നും ഉടനെ പുറത്താക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപനം നടത്തിയിരുന്നു. അമേരിയ്ക്കയില്‍ അനധികൃതമായി 110 ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ക്രിമിനല്‍ കേസില്‍പെട്ടവരെയും മറ്റു കുറ്റവാളികളെയും പിടികൂടാനാണ് ആദ്യ ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.