സ്വന്തം ലേഖകന്‍: ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ നിര്‍ത്തലാക്കാനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി. ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ദിവസം സെനറ്റും അംഗീകാരം നല്‍കിയിരുന്നു. സെനറ്റ് പാസാക്കിയ പ്രമേയം 198 നെതിരെ 227 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്. ഇതോടെ സ്വപ്ന പദ്ധതിയായി ഒബാമ അവതരിപ്പിച്ച ഒബാമ കെയറിന്റെ മരണമടുത്തുവെന്ന് ഏറെക്കുറെ ഉറപ്പായി.
കോണ്‍ഗ്രസിലെ ഇരുസഭകളിലും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒബാമയുടെ അഫോര്‍ഡബിള്‍ കെയര്‍ ആക്ട് എടുത്തുനീക്കാന്‍ എളുപ്പമാണ് എന്നതിലാണിത്. ഒബാമ കെയറിനോടുള്ള വിയോജിപ്പ് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പ് ഡെമോക്രാറ്റുകളും നല്‍കുന്നുണ്ട്.
ഒബാമയുടെ പരീക്ഷണം പരാജയപ്പെട്ടു. കാര്യങ്ങള്‍ കൂടുതല്‍ മോശമാകുന്നതിനു മുന്‍പ് പിന്‍വലിക്കുന്നതാണ് ഉചിതമെന്ന് ഒഹായോവിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ബിന്‍ ജോണ്‍സണ്‍ പറഞ്ഞു. ഈ നിയമത്തിനു കീഴില്‍ കഷ്ടപ്പെടുന്ന അമേരിക്കന്‍ ജനതയ്ക്ക് ആശ്വാസം നല്‍കുന്ന ആദ്യ നിര്‍ണായക നടപടിയാണിത്. ഇതൊരു രക്ഷാദൗത്യമാണെന്നും ജനപ്രതിനിധിസഭാ സ്പീക്കര്‍ പോള്‍ റയാന്‍ പ്രതികരിച്ചു.
എന്നാല്‍ പുതിയ പദ്ധതി സംബന്ധിച്ച് കൃത്യമായ രൂപരേഖയില്ലാതെ ഒബാമകെയര്‍ പിന്‍വലിക്കുന്നത് ശരിയല്ലെന്ന് ഡെമോക്രാറ്റുകള്‍ വാദിച്ചു. അമേരിക്കയുടെ ആരോഗ്യമേഖലയെ അട്ടിമറിക്കനാണ് റിപ്പബ്ലിക്കന്‍ ശ്രമമെന്നും അവര്‍ കുറ്റപ്പെടുത്തി. എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയര്‍ 2010 ലാണ് നിലവില്‍ വന്നത്. താങ്ങാന്‍ കഴിയാത്ത നിരക്കാണ് പദ്ധതിക്കു വേണ്ടി മുടക്കേണ്ടി വരുന്നതെന്ന് വിമര്‍ശനം ശക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല