സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം ഭയാനകമായി നടപടിയെന്ന് നാസ മേധാവി. ഇന്ത്യ അടുത്തിടെ നടത്തിയ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണത്തിനെതിരെ നാസ. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തത് ഭയാനകമായ നടപടിയാണെന്ന് നാസയുടെ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു. നാസയിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചു. ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് ജിം ബ്രൈഡന്‍സ്‌റ്റൈന്‍ ചൂണ്ടിക്കാട്ടി. ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ട്. ബഹിരാകാശത്ത് ചിതറിയ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞു.
രാജ്യങ്ങള്‍ അവരുടെ തന്നെ ഉപഗ്രഹങ്ങളെ നശിപ്പിക്കുന്നത് വെറും ആഡംബരമായ പ്രദര്‍ശനം മാത്രമാണ് അല്ലാതെ പ്രത്യേകമായ ശാസ്ത്രീയ കാരണങ്ങള്‍ ഒന്നും തന്നെ ഇതിനു പിന്നില്‍ ഇല്ല. അപകട സാധ്യത 44 ശതമാനം വര്‍ധിച്ചുവെങ്കിലും തങ്ങളുടെ ആസ്ട്രനോട്ടുകളും അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രവും സുരക്ഷിതമാണെന്ന് ബ്രിഡസ്റ്റിന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല