സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ വിവിധ തരം അന്ധവിശ്വാസങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തീക്കനലിലൂടെ നടക്കുന്നത് ഉള്‍പ്പടെയുള്ള വിവിധ ആചാരങ്ങള്‍ മൂലം ധാരാളം പേര് രാജ്യത്ത് മരണപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അന്ധവിശ്വാസ നിരോധന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നത്.
ബങ്കുളുരുവില്‍ ഒരു ആചാരത്തില്‍ പങ്കെടുക്കുന്നതിനിടെ ദേഹമാസകലം പൊള്ളലേറ്റ ഒരാള്‍ മരിച്ചത് ഞായറാഴ്ചയാണ്. കര്‍ണാടകയിലെ തന്നെ മാണ്ഡ്യ ജില്ലയിലെ കാളികാംബ ക്ഷേത്രത്തില്‍ തീക്കനലുകളിലൂടെ നടക്കുന്നതിനിടെ പൊള്ളലേറ്റ് ബസവണ്ണ എന്ന അറുപത്തഞ്ചുകാരന് മരിച്ചത് കഴിഞ്ഞ ഏപ്രില്‍ 22 നാണ്. 70 ശതമാനം പരിക്കേറ്റ ബസവണ്ണ കുറച്ചു ദിവസങ്ങള്‍ ആശുപത്രിയില്‍ ജീവനു വേണ്ടി പോരാടിയതിനു ശേഷമാണ് മരിച്ചത്.
കഴിഞ്ഞ മാസം ചാമരാജ് നഗര്‍ ജില്ലയില്‍ തലയറുത്ത നിലയില്‍ കണ്ടെത്തിയ രണ്ടു ദലിത് വര്‍ഗക്കാരുടെ മൃതദേഹങ്ങള്‍ കൊലപ്പെടുത്തിയതല്ലെന്നും നരബലി നടത്തിയന്റെ തെളിവാണെന്നും ആരോപണം നിലനില്ക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുപോലുള്ള സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയരുന്നത്. നേരത്തെ മത സംഘടനകളുടെ ഭാഗത്തുനിന്നുള്ള ശക്തമായ എതിരപ്പു കാരണം നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍ ഒട്ടും മുന്നോട്ടു പോകാന്‍ മാറി മാറി വന്ന വിവിധ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.
മതപരമായ ആചാരമേത് അന്ധവിശ്വാസമേത് എന്ന് കൃത്യമായ വേര്തിരിവില്ലാത്തതും നിയമനിര്‍മ്മാതാക്കളെ കുഴക്കുന്ന പ്രശ്നമാണ്. മാത്രമല്ല ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുമെന്ന ന്യായം പറഞ്ഞ് ബിജെപിയും നിയമ കൊണ്ടുവരുന്നതില്‍ താത്പര്യം കാണിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല