ലണ്ടനില്‍നിന്നും മൂന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് ഒളിച്ചോടിയ സംഭവത്തില്‍ ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് രൂക്ഷ വിമര്‍ശനം. ബ്രിട്ടണിലെ യുവതി യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ആശയങ്ങളിലേക്ക് ആകൃഷ്ടരാകാതിരിക്കാനുള്ള പ്രാഥമികമായ നടപടികള്‍ പോലും സ്വീകരിക്കാന്‍ തീവ്രവാദ വിരുദ്ധ സേനയ്ക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം.
തീവ്രവാദ വിരുദ്ധ സേന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നതിനിടയിലും ഇപ്പോള്‍ സിറിയയിലേക്ക് പോകുന്നതിനായി നാടുവിട്ട മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ തീവ്രവാദികളുമായി ബന്ധപ്പെട്ടിട്ടും കണ്ടെത്താന്‍ സാധിച്ചില്ല.
അതിനിടെ പെണ്‍കുട്ടികളോട് മടങ്ങി വരണമെന്ന അരേക്ഷയുമായി കുടുംബാംഗങ്ങള്‍ രംഗത്ത് എത്തി. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയുമാണ് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ള്‍ അപേക്ഷ നടത്തിയത്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടികളുമായി ബന്ധപ്പെടുകയും സിറിയയിലേക്ക് പ്രവേശിക്കരുതെന്നും മടങ്ങി വരണമെന്നുമുള്ള അപേക്ഷകള്‍ സന്ദേശ രൂപത്തില്‍ നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ഇത് ചെവിക്കൊണ്ടിട്ടില്ല.
പെണ്‍കുട്ടികള്‍ എവിടെയുണ്ടെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെയുമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ടര്‍ക്കി വഴി സിറിയയിലേക്ക് കടക്കാനാണ് പെണ്‍കുട്ടികളുടെ പദ്ധതി. എന്നാല്‍ ഈ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പറയുന്നത് ഇവര്‍ ടര്‍ക്കിയില്‍തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല