കോഴഞ്ചേരി(പത്തനംതിട്ട): ഇംഗ്ലണ്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ കലാപത്തില്‍ ക്രോയിഡോണില്‍ കൊള്ളയടിക്കപ്പെട്ട ഗ്രോസറി ഷോപ്പ് പാര്‍ട്ട്‌ണറേയും കുടുംബത്തേയും ആന്റോ ആന്റണി എം.പി സന്ദര്‍ശിച്ചു. ഒ.ഐ.സി.സി യു.കെ ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗവും മുന്‍ കെ.എസ്.യു ജില്ലാ സെക്രട്ടറിയുമായിരുന്ന മാമ്മന്‍ ഫിലിപ്പ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.കെ റോയിസണ്‍ എന്നിവര്‍ എം.പിയോടൊത്ത് ഉണ്ടായിരുന്നു.
ക്രോയിഡോണിലെ ഗ്രോസറി ഷോപ്പ് ആയ വിബി സ്റ്റോഴ്‌സ് കലാപം തുടങ്ങിയതിന്റെ പിറ്റേന്നാണ് കൊള്ളയടിക്കപ്പെട്ടത്. കടയുടെ പാര്‍ട്ട്‌ണറായ കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തില്‍ വില്‍സണും കുടുംബവും സംഭവം നടക്കുന്ന സമയത്ത് ഹോളിഡെയ്‌സിനായി നാട്ടില്‍ പോയിരിക്കുകയായിരുന്നു. വില്‍സന്റെ പാര്‍ട്ട്‌ണര്‍ ആയ തിരുവല്ല ഓടക്കല്‍ ബിനു മാത്യുവിനെയും ഭാര്യയേയും കലാപകാരികള്‍ ആക്രമിക്കുകയും ഇവരുടെ കൈവശം ഉണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു.
ക്രോയിഡോണില്‍ അക്രമം നടക്കുന്നതിനെ പറ്റി അറിവ് ലഭിച്ചപ്പോള്‍ തന്നെ ബിനു ഷട്ടര്‍ ഇട്ടിരുന്നുവെങ്കിലും ഷട്ടര്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമികളും സംഘവും കട കൊള്ളയടിക്കുകയായിരുന്നു. തുടര്‍ന്ന് ബിനുവിന്റെ കാര്‍ കത്തിക്കുകയും ചെയ്തിരുന്നു. സംഭവം ഒ.ഐ.സി.സി യു.കെ നേതാക്കള്‍ പത്തനംതിട്ടയില്‍ നിന്നുള്ള ലോക്‌സഭാ അംഗം ആന്റോ ആന്റണി എം.പിയെ അറിയിച്ചിരുന്നു. ഇന്നലെ ഡല്‍ഹിയില്‍ നിന്നും എത്തിയ ആന്റോ ആന്റണി എം.പി, മാമ്മന്‍ ഫിലിപ്പിനോടൊത്ത് വില്‍സന്റെ വീട്ടിലെത്തി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.
ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അടിയന്തര സഹായം ലഭ്യമാക്കുന്നതിനും മലയാളികളുടെ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതിനും, ഈ സംഭവത്തെ മുന്‍നിര്‍ത്തി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും എം.പി, വില്‍സണും കുടുംബത്തിനും ഉറപ്പ് നല്‍കി. സംഭവം അറിഞ്ഞപ്പോള്‍ തന്നെ ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങുന്നതിനായി ടിക്കറ്റിനു വേണ്ടി ശ്രമിക്കുകയായിരുന്നു വില്‍സണ്‍. ഇന്ന് പുലര്‍ച്ചയോടെ വില്‍സണും കുടുംബവും ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങിയിട്ടുണ്ട്. വില്‍സണും ബിനുവും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ചതാണ് വിബി സ്റ്റോര്‍സ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല