സ്വന്തം ലേഖകന്‍: മലയാളിയെ വിഷ പച്ചക്കറിയില്‍ നിന്ന് രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വനിതാ ഐഎഎസ് ഉദ്യോഗസ്ഥക്ക് പകരം കിട്ടിയത് ഭീഷണി. മലയാളിക്കു തമിഴന്റെ പച്ചക്കറി കൂടാതെ ജീവിക്കാനാകില്ല എന്നുള്ള പൊതുധാരണയെ ചോദ്യം ചെയ്താണ് യുവ ഐഎഎസ് ഉദ്യോഗസ്ഥയായ ടി വി അനുപമ കര്‍ശന നടപടികളുമായി തുനിഞ്ഞിറങ്ങിയത്.
തമിഴ്‌നാട്ടില്‍നിന്നെത്തുന്ന പച്ചക്കറിയില്‍ അനുവദനീയമായതിലും അഞ്ചു മുതല്‍ പത്തിരട്ടി വരെ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായ അനുപമ പരസ്യമായി പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ വാദം ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിസാമ്പിളുകള്‍ പരിശോധിക്കുവാന്‍ നിയുക്തമായ സമിതിക്ക് നേതൃത്വം നല്‍കിയ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ. തോമസ് ബിജു മാത്യു അഭിപ്രായപ്പെട്ടതോടെ സംഭവം വിവാദമായി.
എന്നാല്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോയതോടെ അനുപമയെ ഭീഷണിപ്പെടുത്തി നാട്ടില്‍നിന്നും പുറത്തുനിന്നും ആളുകളെത്തിത്തുടങ്ങി. ഡോ. തോമസ് ബിജു മാത്യുവിന്റെ വാദം ഏറ്റുപിടിച്ചുകൊണ്ട് കേരള ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രസ്താവന തെറ്റും അശാസ്ത്രീയവുമാണെന്ന വാദവുമായി കീടനാശിനി ഉത്പാദകരുടെ സംഘടനയായ ക്രോപ് കെയര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ അനുപമയ്ക്കു നോട്ടീസ് അയക്കുകയും ചെയ്തു.
എന്നാല്‍ വിപണിയില്‍നിന്നും ചെക്ക്‌പോസ്റ്റില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താനാണ് അനുപമ തീരുമാനിച്ചത്. കൃത്യമായി സാമ്പിള്‍ എടുത്ത് നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയതോടെ വ്യാപാരികളും കൂടുതല്‍ ജാഗ്രതയിലായി. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കീഴില്‍ മൂന്നു ലാബുകളാണുള്ളത്. പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇവിടെ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുകയാണിപ്പോള്‍.
ഭക്ഷ്യസുരക്ഷാ വകുപ്പ് മറ്റു സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി കത്തയക്കുകയും ഉദ്യോഗസ്ഥരോട് നേരിട്ട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പച്ചക്കറി കയറ്റുമതിയെക്കുറിച്ച് പഠനം നടത്താന്‍ കേരളത്തില്‍നിന്ന് ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണര്‍, റിസേര്‍ച്ച് ഓഫീസര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവരടങ്ങിയ ഒരു സംഘം തമിഴ്‌നാട് സന്ദര്‍ശിക്കുകയും ചെയ്തു.
ഭീഷണികളും വക്കീല്‍ നോട്ടീസുകളും നിര്‍ലോഭം ലഭിക്കുന്നുണ്ടെങ്കിലും വിഷ പച്ചക്കറികളുടെ അതിര്‍ത്തി കടന്നുള്ള വരവ് അവസാനിപ്പിക്കാന്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാനും വ്യാപകമായ പരിശോധന നടത്താനും ഒരുങ്ങുകയാണ് അനുപമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല