ഉസ്താദ് ഹോട്ടല്‍ നൂറാംദിനത്തിലേക്ക് ജൈത്രയാത്ര നടത്തവെ ഹിറ്റ് മേക്കര്‍ അന്‍വര്‍ റഷീദ് പുതിയ സിനിമയുടെ പണിപ്പുരയിലേക്ക്.ദുല്‍ഖല്‍ സല്‍മാനെ നായകനാക്കി സിനിമയൊരുക്കിയതിന് ശേഷം തന്റെ പ്രിയ നായകനായ മമ്മൂട്ടിയിലേക്ക് തന്നെ അന്‍വര്‍ തിരിച്ചുപോകുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ രാജമാണിക്യം ടീം വീണ്ടുമൊന്നിയ്ക്കുന്നുവെന്നതാണ് മോളിവുഡിലെ പുതിയ ഹോട്ട്‌ന്യൂസ്.
ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ചിത്രമൊരുക്കാനാണ് അന്‍വറിന്റെ പ്ളാന്‍. ഇവരൊന്നിച്ച രാജമാണിക്യം മോളിവുഡിലെ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു. മമ്മൂട്ടിയും അന്‍വറുമൊന്നിച്ച അണ്ണന്‍ തമ്പിയും ബോക്‌സ് ഓഫീസ് ഹിറ്റാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ രാജമാണിക്യത്തിന്റെ ഹൈലൈറ്റ് തിര്വോന്തരം ഭാഷയായിരുന്നു. പുതിയ ചിത്രത്തിലൂടെ ഈ ഹിറ്റ് നമ്പര്‍ ഒരിയ്ക്കല്‍ കൂടി പരീക്ഷിയ്ക്കാനുള്ള ഒരുക്കത്തിലാണ് അന്‍വറും ബെന്നിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന ചിത്രം ഒരു കളര്‍ഫുള്‍ ത്രില്ലറായിരിക്കും. പുതിയ പ്രൊജക്ട് ഔദ്യോഗികമായി അന്‍വര്‍ പ്രഖ്യാപിച്ചിട്ടില്ല. ഇതുടനെയുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
മികച്ച പ്രൊജക്ടുകളുമായി വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ് മമ്മൂട്ടി. തൊട്ടതെല്ലാം പൊന്നാക്കിയ അന്‍വര്‍ മമ്മൂട്ടിയ്ക്ക് വീണ്ടുമൊരു ഹിറ്റ് സമ്മാനിയ്ക്കുമെന്ന് തന്നെയാണ് ചലച്ചിത്രലോകത്തിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല