സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് കൊടുംക്രൂരത; കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി; വെടിവെച്ചു കൊന്നശേഷം മൃതദേഹങ്ങളില്‍ ആസിഡ് ഒഴിച്ച് കരിച്ചതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസിന്റെ അന്വേഷണത്തിലാണ് അഞ്ച് കുഴിമാടങ്ങള്‍ കണ്ടെത്തിയത്. ആക്രമണത്തിന്റെ മൊബൈല്‍ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പാതി കത്തിക്കരിഞ്ഞ നിലയിലുള്ള പുരുഷന്‍മാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ടവരെയും അവരുടെ ബന്ധുക്കളെയും കണ്ട് സംസാരിച്ചാണ് എ.പി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഫുട്ബാള്‍ പോലുള്ള ചിന്‍ലോണ്‍ ഗെയിം കളിക്കവെയാണ് റോഹിങ്ക്യകള്‍ക്കുനേരെ സൈന്യം വെടിയുതിര്‍ത്തത്. അന്നു രക്ഷപ്പെട്ട നൂര്‍ ഖാദിര്‍, കുഴിമാടങ്ങളിലൊന്നില്‍ അടക്കം ചെയ്തത് തന്റെ സുഹൃത്തുക്കളെയാണെന്ന കാര്യം സ്ഥിരീകരിച്ചു. അവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം കണ്ടാണ് മൃതദേഹം നൂര്‍ തിരിച്ചറിഞ്ഞത്. ആഗസ്റ്റ് 27നാണ് ഈ കൂട്ടക്കൊലകള്‍ നടന്നത് എന്നാണ് കരുതുന്നത്.
വെടിവെച്ചുകൊന്ന ശേഷം മൃതദേഹങ്ങള്‍ക്കുമേല്‍ ആസിഡ് ഒഴിക്കുകയായിരുന്നു. കനത്തമഴയില്‍ കുഴിമാടത്തിനുമുകളിലിട്ട മണ്ണ് ഒലിച്ചുപോയതോടെയാണ് അവ വെളിപ്പെട്ടത്. എ.പി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മ്യാന്മറിനു മേല്‍ ആയുധഉപരോധം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. യു.എസും യൂറോപ്യന്‍യൂനിയനും ഉപരോധം ചുമത്തുന്നതോടെ മ്യാന്മര്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി ഫില്‍ റോബര്‍ടണ്‍ ചൂണ്ടിക്കാട്ടി.
നേരത്തെ ഇന്‍ ദിന്‍ എന്ന ഗ്രാമത്തിലെ 10 മൃതദേഹങ്ങള്‍ സംസ്‌കരിച്ച കുഴിമാടത്തിന്റെ ഉത്തരവാദിത്തം മ്യാന്മര്‍ സൈന്യം ഏറ്റെടുത്തിരുന്നു. സെപ്റ്റംബറില്‍ സൈന്യം വെടിവെച്ചുകൊന്ന റോഹിങ്ക്യകളുടെ മൃതദേഹങ്ങളായിരുന്നു അത്. ഡിസംബറില്‍ മറ്റൊരു കുഴിമാടം കണ്ടെത്തിയതിനുശേഷം മാത്രമാണ് സൈന്യം ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. വന്‍ മാനുഷികദുരന്തത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണിവിടെ അനാവരണം ചെയ്യപ്പെട്ടതെന്ന് അന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല