ടോം ശങ്കൂരിക്കല്‍: 2016 ലെ ജി സി എസ് ഇ പരീക്ഷ ഫലം ആകാംഷയോടെ കാത്തിരുന്ന യു കെ യിലെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഗ്ലോസ്റ്റെര്‍ഷെയറിലെ ചെല്‍റ്റന്‍ഹാമില്‍ നിന്നുള്ള അപര്‍ണ്ണ ബിജുവും. എന്നാല്‍ പരീക്ഷ ഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങളിലും എ സ്റ്റാറും അഡീഷനലായി എടുത്ത മാത്തമാറ്റിക്‌സിന് എ യും കരസ്ഥമാക്കിയാണ് യു കെ മലയാളികള്‍ക്ക് പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനകരമായ വിജയം ഈ കൊച്ചു മിടുക്കി എത്തി പിടിച്ചത്.
ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്‍ പ്രസിഡന്റും ഹെര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ അനസ്തറ്റിസ്‌റ് കണ്‍സള്‍ട്ടന്റും ആയ ഡോ. ബിജു പെരിങ്ങത്തറയുടെയും ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ സൈക്യാട്രിസ്‌റ് ആയി ജോലി നോക്കുന്ന ഡോ. മായ ബിജുവിന്റെയും മൂന്നു മക്കളില്‍ മൂത്ത മകളാണ് അപര്‍ണ്ണ. യു കെ യിലെ തന്നെ ഏറ്റവും മികച്ച സ്‌കൂളുകളില്‍ ഒന്നായ പെയിറ്റ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നാണ് അപര്‍ണ്ണ ഈ വിജയം കരസ്ഥമാക്കിയത്. അപര്‍ണ്ണയുടെ സഹോദരി ലക്ഷ്മിയും സഹോദരന്‍ ഋഷികേശും ഈ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്.
ഡോക്ടേഴ്‌സ് ആയ തന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും മാതാപിതാക്കളെയും പോലെ ആ ഡോക്ടര്‍ കുടുംബത്തിലെ മൂന്നാം പരമ്പരയിലെ ഒരു ഡോക്ടര്‍ ആയി തീരുക എന്നതാണ് അപര്‍ണ്ണയുടെയും ആഗ്രഹം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിശീലനം അഭ്യസിച്ച തന്റെ മാതാപിതാക്കളുടെ പാത പിന്‍ തുടര്‍ന്ന് അവിടെ തന്നെ മെഡിസിന് അഡ്മിഷന്‍ കിട്ടണം എന്ന് തന്നെയാണ് അപര്‍ണ്ണയുടെ ആഗ്രഹവും. മാതാപിതാക്കളെ പോലെ തന്നെ അപര്‍ണ്ണക്ക് എന്നും പ്രോത്സാഹനവും മാതൃകയുമായി നിന്നിരുന്നതും അപര്‍ണ്ണയുടെ മുത്തച്ഛനും മുത്തശ്ശിയുമായിരുന്നു..
പഠനത്തിലെന്ന പോലെ തന്നെ പഠ്യേതര വിഷയങ്ങളിലും കേമത്തിയാണ് ഈ മിടുക്കി. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ക്ലാസ്സിക്കല്‍ ഡാന്‍സ് അഭ്യസിക്കുന്ന അപര്‍ണ്ണ യുക്മ നാഷണല്‍, റീജിയണല്‍ തലങ്ങളില്‍ ഫോക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം എന്നിവയില്‍ ഫസ്റ്റ് പ്രൈസ് ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ കലാ കായിക വേദികളില്‍ അവിഭാജ്യ ഘടകം കൂടിയാണ് ഈ കൊച്ചു മിടുക്കി.
ഗ്രാമര്‍ സ്‌കൂളുകളില്‍ യോഗ്യത നേടുവാനുള്ള പരീക്ഷയില്‍ തങ്ങളുടെ അനുഭവ സമ്പത്ത് ജി എം എ യിലെ തങ്ങളുടെ കുഞ്ഞു സഹോദരങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ ആഴ്ചയില്‍ ഒരിക്കല്‍ അവര്‍ക്കായി തങ്ങളുടെ വീട്ടില്‍ വെച്ച് തന്നെ കോച്ചിങ് ക്ലാസ്സുകളും ഈ സഹോദരികള്‍ ഒരുക്കുന്നുണ്ട്. പതിഞ്ചോളം വിദ്യാര്‍ത്ഥികളാണ് ഇവര്‍ക്ക് കീഴില്‍ ഇപ്പോള്‍ അഭ്യസിക്കുന്നത്.
തന്റെ ആഗ്രഹം പോലെ തന്നെ ലോകമെങ്ങും അറിയപ്പെടുന്ന ഒരു മികച്ച ഡോക്ടര്‍ ആയി തീരട്ടെ എന്ന ആശംസകളുമായി ജി എം എ കുടുംബം ഒന്നടങ്കം തങ്ങളുടെ ഈ കൊച്ചു മിടുക്കിക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല