സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം രാമേശ്വരത്തേക്ക് കൊണ്ടുപോയി, ഖബറടക്കം നാളെ. ന്യൂ ഡല്‍ഹി രാജാജി മര്‍ഗിലെ വസതിയില്‍ നിന്നും ഇന്ന് രാവിലെയാണ് മൃതദേഹം പാലം വിമാനത്താവളം വഴി കലാമിന്റെ ജന്മനാടായ രാമേശ്വരത്തേക്ക് കൊണ്ടുപോയത്.
പ്രത്യേക വിമാനത്തില്‍ മധുരയിലെത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് രാമേശ്വരത്ത് എത്തിക്കും. നാളെയാണ് ഖബറടക്കം. രാമേശ്വരത്ത് തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന എപിജെ അബ്ദുല്‍ കലാമിന്റെ ആഗ്രഹം സഫലമാവും. കലാമിന്റെ മൃതദേഹം അടക്കുന്നതിനും സ്മാരകം പണിയുന്നതിനുമായി സര്‍ക്കാര്‍ 1.5 ഏക്കര്‍ ഭൂമി വിട്ടുനല്‍കി. കലാമിന്റെ ജന്മവീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി തങ്കച്ച മഠം പഞ്ചായത്തിലാണ് ഭൂമി കണ്ടെത്തിയത്.
ഇന്നലെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ നിരവധി പേര്‍ കലാമിന് ഡല്‍ഹി വിമാനത്താവളത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം ഔദ്യോഗിക വസതിയിലെത്തിച്ചു. നിരവധി പേര്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. നാളെ രാവിലെ 11 മണിയോടെയാണ് ഖബറടക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല