സ്വന്തം ലേഖകന്‍: എപിജെ അബ്ദുള്‍കലാം മടങ്ങി, രാമേശ്വരത്ത് അന്ത്യവിശ്രമം. പൂര്‍ണ സൈനിക ബഹുമതികളോടെ മധുര, രാമേശ്വരം പാതയിലെ അരിയാന്‍ഗുണ്ടില്‍ കലാമിന്റെ ഭൗതികശരീരം കബറടക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്ക ചടങ്ങുകള്‍.
പതിനായിരക്കണക്കിന് ആളുകളാണ് കലാമിന് യാത്രാമൊഴിയുമായി രാമേശ്വരത്തെത്തിയത്. കലാമിനെ അവസാനമായി ഒരു നോക്കു കാണാന്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും നീണ്ട നിരയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണു പലരും പുഷ്പചക്രം അര്‍പ്പിച്ചത്.
ഷില്ലോങ്ങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് 6.52നു ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ ഡോ. കലാമിനെ ഉടന്‍തന്നെ നഗരത്തിലെ ബഥനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താമസിയാതെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് കലാമിന്റെ മൃതദേഹം രമേശ്വരത്തെത്തിച്ചത്. പൊതുദര്‍ശനത്തിനുശേഷം രാത്രി വൈകി ഭൗതികശരീരം മോസ്ക് സ്ട്രീറ്റിലെ കലാമിന്റെ ജന്മഗൃഹത്തിലേക്കു മാറ്റി. സര്‍ക്കാര്‍ വിട്ടുനല്‍കിയ ഒന്നരയേക്കര്‍ സ്ഥലത്തായിരുന്നു മതപരമായ ചടങ്ങുകളോടെ കബറടക്കം. ഈ സ്ഥലം ഇനി അബ്ദുല്‍ കലാം സ്മാരകമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല