സ്വന്തം ലേഖകന്‍: മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നത് ശുദ്ധ മണ്ടത്തരം; നാസയെ രൂക്ഷമായി വിമര്‍ശിച്ച് കളിയാക്കി മുന്‍ ബഹിരാകാശ സഞ്ചാരി. മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കുന്നതിനുള്ള നാസയുടെ പദ്ധതിയെ അടച്ചാക്ഷേപിച്ച് മുന്‍ നാസ ബഹിരാകാശ ഗവേഷകന്‍ ബില്‍ ആന്‍ഡേഴ്‌സ് രംഗത്ത്. നാസയുടെ അപ്പോളോ 8 പദ്ധതിയുടെ ഭാഗമായി ചന്ദ്രനു ചുറ്റിസഞ്ചരിച്ച ബഹിരാകാശ യാത്രികനാണ് ആന്‍ഡേഴ്‌സ്.
ചൊവ്വാഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതി വിഡ്ഢിത്തവും പരിഹാസ്യവുമാണെന്ന് ആന്‍ഡേഴ്‌സ് കുറ്റപ്പെടുത്തി. ബിബിസി റേഡിയോ 5 ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ചൊവ്വയിലേക്ക് മനുഷ്യനെ അയച്ചുകൊണ്ടുള്ള പദ്ധതികള്‍ ആരംഭിക്കാനാണ് നാസയുടെ പദ്ധതി. നിലവില്‍ രണ്ട് റോബോട്ടിക്ക് പര്യവേക്ഷണ വാഹനങ്ങള്‍ ചൊവ്വയിലുണ്ട്.
മനുഷ്യനെ അയച്ചുകൊണ്ടുള്ള പദ്ധകള്‍ക്ക് വേണ്ടി വരുന്ന ചിലവാണ് ആന്‍ഡേഴ്‌സിന്റെ എതിര്‍പ്പിന് കാരണം. ഇപ്പോള്‍ നടന്നുവരുന്ന യന്ത്ര നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പര്യവേക്ഷണ പദ്ധതികളെ അദ്ദേഹം അനുകൂലിക്കുന്നുണ്ട്. അതിന് താരതമ്യേന ചിലവ് കുറവാണെന്ന് അദ്ദേഹം പറയുന്നു. ‘നമ്മളെ ചൊവ്വയിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ്? അതിന്റെ അനിവാര്യതയെന്താണ്? ജനങ്ങള്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല,’ ആന്‍ഡേഴ്‌സ് പറഞ്ഞു.
1968 ല്‍ അമേരിക്കയുടെ അപ്പോളോ 8 പദ്ധതിയുടെ ഭാഗമായുള്ള ലൂണാര്‍ മോഡ്യൂള്‍ പൈലറ്റ് ആയിരുന്നു 85 കാരനായ ബില്‍ ആന്‍ഡേഴ്‌സ്. ഭൂമിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പത്ത് തവണയാണ് ലൂണാര്‍ മോഡ്യൂള്‍ ചന്ദ്രനെ വലംവെച്ചത്. അക്കാലത്ത് ഭൂമിയില്‍ നിന്നും ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച പദ്ധതിയായിരുന്നു അത്. പിന്നീട് ഏഴ് മാസങ്ങള്‍ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കിയ അപ്പോളോ 11 പദ്ധതിയ്ക്ക് വഴിപാകിയതും അപ്പോളോ 8 പദ്ധതിയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല