സ്വന്തം ലേഖകൻ: മാർക്ക് സർക്കർബർഗിന്റെ വിവാദ പ്രസ്താവനയിൽ മാപ്പു പറഞ്ഞ് മെറ്റ. 2024-ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാപ്പുപറഞ്ഞ് കമ്പനി രംഗത്തെത്തിയരിക്കുന്നത്. അശ്രദ്ധകൊണ്ടു സംഭവിച്ച പിശകാണെന്ന്, മെറ്റയുടെ ഇന്ത്യ വിഭാഗം പബ്ലിക് പോളിസി വൈസ് പ്രസിഡൻ്റ് ശിവ്‌നാഥ് തുക്രൽ പറഞ്ഞു.
‘2024-ലെ പൊതുതിരഞ്ഞെടുപ്പിൽ പല രാജ്യങ്ങളിലും ഭരണകക്ഷികൾ പരാജയപ്പെടുമെന്ന മാർക്കിൻ്റെ നിരീക്ഷണം മിക്ക രാജ്യങ്ങളിലും ശരിയാണ്. എന്നാൽ ഇന്ത്യയിൽ അങ്ങനെയല്ല. അശ്രദ്ധമൂലം ഉണ്ടായ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. മെറ്റയെ സംബന്ധിച്ച് അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട രാജ്യമായി ഇന്ത്യ തുടരുന്നു,’ ശിവ്‌നാഥ് തുക്രൽ എക്സിൽ കുറിച്ചു.
മാർക്ക് സക്കർബർഗിൻ്റെ വിവാദ പരാമർശത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്ററി പാനൽ, മെറ്റാ പ്രതിനിധികളെ വിളിച്ചുവരുത്തുമെന്ന് തിങ്കളാഴ്ച ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പു പറഞ്ഞ് മെറ്റ രംഗത്തെത്തിയിരിക്കുന്നത്.
ജനുവരി 10-ന് നടന്ന പോഡ്കാസ്റ്റിലായിരുന്നു സർക്കർബർഗ് വിവാദ പരാമര്‍ശം നടത്തിയത്. 2024-ലെ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും ഭരണകക്ഷി തോല്‍വിനേരിട്ടെന്ന തരത്തിലായിരുന്നു പരാമര്‍ശം. കോവിഡ് മഹാമരിക്കു ശേഷം വിവിധ രാജ്യങ്ങളിലെ സർക്കാരുകളോട് ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും, കോവിഡിനെ നേരിടാനുള്ള സാമ്പത്തിക നയങ്ങളും പണപ്പെരുപ്പം അടക്കമുള്ള പ്രശ്നങ്ങളും വലിയ രീതിയിൽ സ്വാധീനം ചെലുത്തുന്നതായി തോന്നുന്നുവെന്നും സർക്കർബർഗ് പറഞ്ഞിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല