സ്വന്തം ലേഖകന്‍: അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ആപ്പിളിന്റെ മേധാവി ടിം കുക്ക് തന്റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം ആപ്പിളിലെ ഓഹരികളില്‍ നിന്നും ലാഭവിഹിതമായി 536 കോടി ഡോളറാണ് (ഏകദേശം 33,000 കോടി ഇന്ത്യന്‍ രൂപ) ടിം കുക്ക് സമ്പാദിച്ചത്.
സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ആപ്പിള്‍ മേധാവിയായി സ്ഥാനമേല്‍ക്കുമ്പോള്‍ 378 ദശലക്ഷം ഡോളറായിരുന്നു ടിം കുക്കിന്റെ വേതനം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആപ്പിള്‍ ഓഹരിയുടെ മൂല്യം കുത്തനെ ഉയര്‍ന്നതോടെ ടിം കുക്കിന്റെ വേതനം 80% വര്‍ധിച്ച് 681 ദശലക്ഷം ഡോളറായി ഉയരുകയായിരുന്നു.
ഇതോടെ ലോകത്തെ മഹാ കോടീശ്വരന്മാരുടെ പട്ടികയില്‍ ടിം കുക്കിന്റെ പേരും സ്ഥാനം പിടിച്ചു. ഇപ്പോള്‍ തന്റെ അനന്തരവന്റെ കോളേജ് വിദ്യാഭ്യാസത്തിനുള്ള പണം ഒഴികെ ബാക്കിയുള്ള മുഴുവന്‍ തുകയും ദാനം ചെയ്യുമെന്നാണ് ടിം കുക്ക് അറിയിച്ചിരിക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികളുടെ തലവന്മാരില്‍ പലരും മുമ്പും സമാനമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. 2010 ല്‍ ബില്‍ ഗേറ്റ്‌സും വാറണ്‍ ബഫറ്റും ചേര്‍ന്ന് മഹാകോടീശ്വരന്മാര്‍ തങ്ങളുടെ സമ്പത്തിന്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. പ്രചരണത്തെ തുടര്‍ന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടക്കം നൂറിലേറെ ധനികര്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവക്കാന്‍ തയ്യാറായി.
സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ കൈവരിച്ച നേട്ടങ്ങള്‍ ഒരു പടി കൂടി മുന്നോട്ടും കൊണ്ടു പോകാന്‍ ടിം കുക്കിന് കഴിഞ്ഞിരുന്നു. നേരത്തെ താന്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞ് മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാകുകയും ചെയ്തിട്ടുണ്ട് കുക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല