സ്വന്തം ലേഖകന്‍: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിന് ആപ്പിള്‍ കമ്പനിയുടെ മേധാവി ഇന്ത്യയിലെത്തി. ആപ്പിളിന്റെ തലവനായ ടിം കുക്ക് അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മുംബൈയിലെത്തിയത്. റിലയന്‍സ് ഇന്ത്യ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയോടൊപ്പം സെന്‍ട്രല്‍ മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയാണ് കുക്ക് ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങിയത്.
ഹിന്ദു തീര്‍ഥാടകര്‍ക്കു സമാനമായ വസ്ത്രം ധരിച്ചാണ് അദ്ദേഹം ക്ഷേത്ര സന്ദര്‍ശനം നടത്തിയത്. ബെയ്ജിംഗില്‍നിന്നു കഴിഞ്ഞ ദിവസം രാത്രിയാണ് കുക്ക് മുംബൈയിലെത്തിയത്. താജ് മഹല്‍ ഹോട്ടലിലാണ് അദ്ദേഹത്തിന് താമസം ഒരുക്കിയിരിക്കുന്നത്.
കുക്ക് റിലയന്‍സ് ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അംബാനി അമേരിക്കന്‍ സന്ദര്‍ശനത്തിലായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. കുക്ക് അടുത്ത ദിവസം ഹൈദരാബാദിലേക്ക് പോകുന്നതിനു മുമ്പായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ സൈറസ് മിസ്ത്രി, ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍. ചന്ദ്രശേഖരന്‍, വോഡാഫോണ്‍ ഇന്ത്യ മേധാവി സുനില്‍ സൂദ്, തുടങ്ങിയ പ്രമുഖരോടൊപ്പം വിരുന്നില്‍ പങ്കെടുക്കും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും കുക്ക് കൂടിക്കാഴ്ച നടത്തും. പ്രശസ്ത സിനിമാതാരം ഷാരൂഖ് ഖാന്‍ ബാന്ദ്രയിലെ തന്റെ വസതിയില്‍ കുക്കിന് വിരുന്നൊരുക്കിയിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചശേഷം കുക്ക് മടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല