സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ പഴയ ഫോണുകള്‍ വിറ്റഴിക്കാനൊരുങ്ങി ആപ്പിള്‍, പാഴ്വസ്തുക്കള്‍ ഒഴിവാക്കാന്‍ മറയെന്ന് ആരോപണം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മറവിലാണ് വിദേശ നാടുകളില്‍ ഉപയോഗിച്ച് ഉപേക്ഷിച്ച ഫോണുകള്‍ മിനുക്കിത്തുടച്ച് വിറ്റഴിക്കാന്‍ ആപ്പിള്‍ കമ്പനി അനുമതി തേടുന്നത്.
പഴയ ഫോണുകള്‍ ഇറക്കാന്‍ അനുമതി തേടി കഴിഞ്ഞ വര്‍ഷം നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. അതിനു ശേഷം അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിള്‍ മേധാവി ടിം കുക്കിനെ കണ്ട് ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കാന്‍ ക്ഷണിച്ചിരുന്നു. മേക് ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ കമ്പനി തുറന്ന് ഉല്‍പാദനം നടത്താനാണ് ക്ഷണിച്ചതെങ്കിലും ചൈനയില്‍നിന്ന് ഇറക്കുന്ന പഴയ ഫോണ്‍ ‘പുതുക്കിയെടുക്കാനുള്ള’ ഫാക്ടറി ഇന്ത്യയില്‍ തുറക്കാമെന്ന നിലപാടിലാണ് കമ്പനി.
ഇത് വെറും സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ അല്ല എന്ന വാദമാണ് ഇപ്പോള്‍ ആപ്പിള്‍ ഉയര്‍ത്തുന്നത്. നിലവാര പരിശോധന നടത്തി പുതിയ ഐ.എം.ഇ.ഐ നമ്പറും ഒരു വര്‍ഷ വാറന്റിയുമുള്ള ഉപകരണങ്ങളാണ് നല്‍കുന്നതെന്ന് അവര്‍ വിശദീകരിക്കുന്നു. ഇവ ഏറക്കാലം ഈടുനില്‍ക്കുമെന്നും നിലവാരം കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍ മൂലം ഉണ്ടാവുന്ന ഇമാലിന്യ ഭീതി കുറക്കാനാവുമെന്നും വാദിക്കുന്നു.
അതേസമയം, പുതിയ കവചമിട്ട് എത്തിക്കുന്ന പഴയ ഫോണിന് ആയുസ്സ് കുറവായിരിക്കുമെന്ന് പരിസ്ഥിതി സാങ്കേതിക സമിതി ചൂണ്ടിക്കാട്ടുന്നു. മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് അവ പാഴ്വസ്തുവായി മാറുമെന്നും ഇമാലിന്യം ഇതിനകം തന്നെ രാജ്യത്ത് തലവേദന ആയിരിക്കുകയാണെന്നും സമിതി അംഗങ്ങള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല