സ്വന്തം ലേഖകൻ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ പേ ഡിജിറ്റൽ പേമെൻറ് സേവനം ഒമാനിൽ ആരംഭിച്ചു. ബാങ്ക് മസ്കത്ത്, സൊഹാർ ഇന്റർനാഷനൽ, സൊഹാർ ഇസ്ലാമിക്, ബാങ്ക് ദോഫാർ, എൻ.ബി.ഒ, ദോഫാർ ഇസ്ലാമിക്, അൽ മുസ്ൻ എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി പ്രമുഖ ബാങ്കുകൾ ആപ്പിൾ പേയെ അവരുടെ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെലികോം ദാതാക്കളായ വോഡഫോണും ആപ്പിൾ പേ വഴി സേവനങ്ങൾക്ക് പണം നൽകാമെന്ന് അറിയിച്ചു.
‘ആപ്പിൾ പേ’ ഉപയോഗിക്കുന്നതിന് ഉപയോക്താക്കൾക്ക് അവരുടെ ഐ ഫോൺ, ഐ പാഡ്, അല്ലെങ്കിൽ ആപ്പിൾ വാച്ച് എന്നിവയിലെ വാലറ്റ് ആപ്പിലേക്ക് അവരുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ചേർക്കാവുന്നതാണ്. ഓരോ ബാങ്കും പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും ഇത് ആക്ടിവേറ്റ് ആകുക. ഇതിന് കുറച്ച് സമയമെടുത്തേക്കുമെന്നാണ് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
പണമടക്കുന്നതിന് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ രീതിയാണ് ആപ്പിൾ പേ എന്ന് കമ്പനി അവകാശപ്പെട്ടു. കാർഡ് നമ്പർ വ്യാപാരികളുമായി പങ്കിടുകയോ ആപ്പിളിന്റെ സെർവറുകളിലോ വ്യക്തിഗത ഉപകരണങ്ങളിലോ സംഭരിക്കുകയോ ചെയ്യുന്നില്ല. ഉപയോക്താക്കൾക്ക് അവരുടെ വാലറ്റ് ആപ്പിലേക്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ചേർക്കുകയും ഓൺ-സ്ക്രീൻ നിർദേശങ്ങൾ പാലിക്കുകയും ചെയ്യാം. ബാങ്ക് പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, സ്റ്റോറുകളിലോ വെബ്സൈറ്റുകളിലോ ആപ്പുകളിലോ കോൺടാക്റ്റ്ലെസ് പേമെന്റുകൾക്കായി ആപ്പിൾ ഉപയോഗിക്കാമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ഐ.ഒ.എസ് ആപ്പുകളിലും വെബിലും പേമെന്റുകൾ നടത്താൻ അനുവദിക്കുന്ന മൊബൈൽ പേമെന്റ് സേവനമാണിത്. ആക്ടീവ് ആയി കഴിഞ്ഞാൽ ഐഫോൺ ഉപയോക്താക്കൾക്ക് കാഷ് കൗണ്ടറുകളിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി നിലവിലെ പേമെന്റിന് പകരം ആപ്പിൾ പേ ഉപയോഗിച്ച് പണമടക്കാൻ സാധിക്കും.
നിലവിലെ കാർഡ് അധിഷ്ഠിത പേമെന്റ് രീതിക്ക് പകരമായി കാർഡ് ടോക്കണൈസേഷൻ സേവനം (സി.ടി.എസ്) നൽകുന്നതിന് ബാങ്കുകൾക്കും പേമെന്റ് സേവന ദാതാക്കൾക്കും കഴിഞ്ഞ വർഷം ഒമാൻ സെൻട്രൽ ബാങ്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ടോക്കണൈസേഷന് എന്നത് യഥാര്‍ഥ കാര്‍ഡ് വിശദാംശങ്ങള്‍ക്ക് പകരം ടോക്കണുകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കോഡുകളില്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന മാര്‍ഗമാണ്. ഇവിടെ ഓരോ ഇടപാടിനും വ്യത്യസ്ത കോഡുകള്‍ ജനറേറ്റ് ചെയ്യപ്പെടും. ഒരിക്കല്‍ ജനറേറ്റ് ചെയ്ത കോഡ് മറ്റൊരു സന്ദര്‍ഭത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. സേവനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽനിന്ന് യാതൊരു ഫീസും ഈടാക്കില്ല.
ഷോപ്പിങ് മാളുകൾ, കഫേകൾ, റസ്റ്റാറന്റുകൾ, വാണിജ്യകേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജ്വല്ലറി സ്റ്റോറുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, പലചരക്ക് കടകൾ, പച്ചക്കറികൾ, പഴങ്ങൾ വിൽക്കുന്നവർ, കെട്ടിട നിർമാണ സാമഗ്രികൾ, വ്യവസായ മേഖലകളിലെ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളജിൽ രാജ്യത്ത് കഴിഞ്ഞ വർഷം ജനുവരി മുതൽ പണരഹിത പേമെന്റ് സ്കീം ഘട്ടം ഘട്ടമായി നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ മൊബൈൽ വഴിയോ ഇന്റർനെറ്റ് വഴിയോ അക്കൗണ്ട്-ടു-അക്കൗണ്ട് കൈമാറ്റം പോലുള്ള പണരഹിത ഇടപാടുകളിലേക്ക് തിരിയുന്നു.
ഇത് സുൽത്താനേറ്റിൽ സമഗ്ര ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾക്ക് ഉത്തേജനം നൽകുന്നതാണ്. ഓൺലൈൻ റീട്ടെയിൽ ഇടപാടുകൾ (ഡയറക്ട് ക്രെഡിറ്റ് ആൻഡ് ഡയറക്ട് ഡെബിറ്റ്) സുൽത്താനേറ്റിൽ 2022ൽ 37.8 ശതമാനം വർധിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് 2023ൽ പറയുന്നു. 2021ലെ 199.2 ദശലക്ഷം ഇടപാടുകളിൽനിന്ന് കഴിഞ്ഞ വർഷമിത് 274.4 ദശലക്ഷത്തിലെത്തി. ചെക്ക് പേമെന്റുകളുടെ അളവ് കുറഞ്ഞിട്ടുണ്ട്. ഇത് പേപ്പർ അധിഷ്ഠിതത്തിൽനിന്ന് ഡിജിറ്റൽ ബദലുകളിലേക്കുള്ള നീക്കത്തെ സൂചിപ്പിക്കുന്നതാണെന്നും വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല