1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2024

സ്വന്തം ലേഖകൻ: സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്. കൃത്യമായ ലോഞ്ചിംഗ് തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറില്‍ എപ്പോഴെങ്കിലും സേവനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേഖലയിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമാണ്.

രാജ്യത്തെ ഉപഭോക്താക്കളും കാര്‍ഡ് പെയ്‌മെന്റില്‍ നിന്ന് കാര്‍ഡ്‌ലെസ് പെയ്‌മെന്റിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണെന്ന് നിലവിലെ പ്രവണതകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ റീട്ടെയിലറുടെയും ഉപഭോക്താവിന്റെയും അക്കൗണ്ടുകള്‍ ഒരേ ബാങ്കില്‍ ആണെങ്കില്‍ മാത്രമേ നിലവില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയൂ. എന്നാല്‍ ആപ്പിള്‍ പേ വരുന്നതോടെ അക്കൗണ്ട് ഏത് ബാങ്കിലാണെന്നത് അപ്രസക്തമാവും. ഏത് ബാങ്ക് അക്കൗണ്ടുകാര്‍ക്കും ഡിജിറ്റല്‍ പെയ്‌മെന്റ് രീതിയിലേക്ക് മാറുവാനും കഴിയും.

ഐഫോണുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒമാനിലെ ഉപഭോക്താക്കള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് ലോഞ്ചിംഗിനായി വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ബാങ്കിംഗ് മേഖലയിലുള്ളവര്‍ അറിയിച്ചു. കാര്‍ഡ് ടോക്കണൈസേഷന്‍ സേവനം നല്‍കുന്നതിന് ബാങ്കുകള്‍ക്കും ഡിജിറ്റല്‍ പേയ്മെന്റ് സേവന ദാതാക്കള്‍ക്കും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ഇതിനകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് നിലവിലെ കാര്‍ഡ് അധിഷ്ഠിത പേയ്മെന്റ് നിലവിലെ രീതിയെ മാറ്റിമറിക്കും.

കോണ്‍ടാക്റ്റ്ലെസ്സ് പേയ്മെന്റ് നടത്തുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ഐഫോണ്‍ അല്ലെങ്കില്‍ ആപ്പിള്‍ വാച്ച് ഒരു പേയ്മെന്റ് ടെര്‍മിനലിന് സമീപം പിടിച്ചാല്‍ മതിയാവും. ഫേസ് ഐഡി, ടച്ച് ഐഡി, പാസ് കോഡ്, ഒടിപി തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകള്‍ ആധികാരികമാക്കിയിരിക്കുന്നതിനാല്‍ ആപ്പിള്‍ പേ തികച്ചും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ സ്റ്റോറുകള്‍, ടാക്‌സികള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ആപ്പിള്‍ പേ സ്വീകരിക്കും.

രാജ്യത്തെ എല്ലാ ബാങ്കുകളും ഇതിനകം തന്നെ സാംസംഗ് പേ ഡിജിറ്റല്‍ വാലറ്റ് രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ആപ്പിള്‍ പേയും ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും അടുത്ത മാസത്തോടെ ലോഞ്ച് ചെയ്യുമെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനും അടുത്തിടെ അറിയിച്ചിരുന്നു. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ റീട്ടെയില്‍ ഇടപാടുകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.5 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2022ലെ 274.4 ദശലക്ഷത്തില്‍ നിന്ന് 2023-ല്‍ ഇടപാടുകളുടെ എണ്ണം 355.2 ദശലക്ഷമായാണ് വര്‍ധിച്ചത്. ഇ-പേയ്മെന്റ് രീതികളുടെ വിപുലമായ ഉപയോഗമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.